?പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും രണ്ടും നാല് പേരെ വച്ചാണ് രാജ്യം നടത്തുന്നതെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘നാം രണ്ട്, നമുക്ക് രണ്ട്’, എന്ന തത്വത്തിലാണ് മോദി സര്‍ക്കാര്‍ ഓടുന്നത്. ജിഎസ്ടി, നോട്ട് നിരോധനം, ലോക്ക്ഡൗണ്‍, കര്‍ഷകനിയമങ്ങള്‍ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് മോദി എടുത്തതെന്നും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

?ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വെച്ചു. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവണമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. 200 പേരെയാണ് ദുരന്തത്തില്‍ കാണാതായത്. ഇതില്‍ 32 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.

➖➖➖➖➖➖➖➖
?യു.കെയിലെ കെന്റില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും മുന്നറിയിപ്പ്. ബ്രിട്ടണില്‍ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടര്‍ന്നുപിടിച്ചേക്കാമെന്നും യു.കെ ജനിറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് മുന്നറിയിപ്പ് നല്‍കി.

?നിയമന വിവാദത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം പതിനേഴ് ദിവസം പിന്നിടുന്നു. ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ പിന്‍വാതില്‍ അടയ്ക്കും വരെ സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

?ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ വന്ന് സമരം ചെയ്യുന്നവര്‍ പി.എസ്.സി. ലിസ്റ്റില്‍ ഉള്ളവരൊന്നും അല്ലെന്നും അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണെന്നും ഇ.പി. ജയരാജന്‍. ഇതെല്ലാം പ്രഹസനമാണെന്നും അഭിനയമാണെന്നും ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

?യു.ഡി.എഫ്. മന്ത്രി സഭയുടെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ച പാര്‍ട്ടിക്കാരെ ഇപ്പോള്‍ സ്ഥിരപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

?മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനം മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

?ശബരിമല വിഷയത്തിലെ മലക്കം മറിച്ചില്‍ കൊണ്ട് സി.പി.എം. ചെയ്തത് വിശ്വാസികള്‍ മറക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമലയിലെ വിലപ്പെട്ട ഭണ്ഡാരം അടക്കം ആക്രിയെടുക്കുന്നവര്‍ക്ക് നല്‍കി. ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത തെറ്റ് 18 തവണ പതിനെട്ടാം പടി ചവിട്ടിയാലും തിരുത്തപ്പെടില്ലെന്നും കെ. സുരേന്ദ്രന്‍.

?പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു പ്രധാന ആക്ഷേപമെന്നും ഉമ്മന്‍ചാണ്ടി.

?കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു. സി.കെ ശ്രീധരന്‍ പുതിയ വൈസ് പ്രസിഡന്റാവും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റുമാരാണ്.

?കേരളത്തില്‍ ഇന്നലെ 71,656 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102

?സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്‌പോട്ടുകള്‍.

?മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ സംവരണം നടപ്പാക്കിയതിലുള്ള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതാണ് സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നു ചൂണ്ടിക്കാണിച്ച് മുന്നാക്കപട്ടിക കാലതാമസം വരാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു.

?ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മൂന്ന് മാസത്തിന് ശേഷം അദ്ദേഹം മോചിതനാകുന്നത്. ഇതുവരെ 148 കേസുകളില്‍ അറസ്റ്റിലായ ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് മോചിതനായത്. ആരോടും പരിഭവമില്ലെന്നും തന്നെ കുടുക്കിയവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

?കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.

?വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ട് ഇതുവരെ വന്നിറങ്ങിയത് 8,33,550 പ്രവാസികള്‍. കോവിഡിനെത്തുടര്‍ന്ന് സ്വന്തംനാട്ടിലേക്ക് തിരിച്ചുവന്ന 25,02,334 പേരിലാണ് തൊഴില്‍രഹിതരായ ഇത്രയുമാളുകള്‍. വൈകാതെ ഇവരുടെയെണ്ണം പത്തുലക്ഷം കവിയും. തൊഴില്‍നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വിദേശത്തുനിന്ന് 7,18,420 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള 1,15,130 പേരുമാണ് നോര്‍ക്കയുടെ കണക്കുപ്രകാരം കോവിഡ് കാലയളവില്‍ കേരളത്തിലേക്കു മടങ്ങിയത്.

?തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെ മാത്രമേ ആനയെ ഉത്സവത്തിനിറക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് പരിപാടികള്‍ക്ക് ആനയെ പങ്കെടുപ്പിക്കാം. നാല് പാപ്പാന്‍മാരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

?രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 10-30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. പുതുക്കിയ നിരക്ക് 2021 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരെയോ പ്രാബല്യത്തില്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

?മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ധവ് സര്‍ക്കാര്‍. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ ഒടുവില്‍ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.

?തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജയ്ശ്രീറാം വിളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാന്‍ പോകുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പെന്ന് അമിത് ഷാ.

?മുന്‍ ചീഫ് ജസ്റ്റിസിനെതിരേയുള്ള പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എംപി മഹുവ മൊയ്ത്രക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്. നേരത്തെ മഹുവയ്‌ക്കെതിരേ നടപടിയെടുക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ മഹുവ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വീണ്ടും അവകാശ ലംഘനവുമായി മുന്നോട്ടുപോകാമെന്ന് ബിജെപി തീരുമാനിക്കുന്നത്.

?ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 9,353 കോവിഡ് രോഗികള്‍. ഇതില്‍ 5,281 രോഗികളും കേരളത്തില്‍. മരണം85. ഇതോടെ ആകെ മരണം 1,55,484 ആയി. ഇതുവരെ 1,08,80,413 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.33 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ 652 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 142 പേര്‍ക്കും തമിഴ്നാട്ടില്‍ 481 പേര്‍ക്കും കര്‍ണാടകയില്‍ 430 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 87 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 4,15,508 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 93,267 പേര്‍ക്കും ബ്രസീലില്‍ 53,993 പേര്‍ക്കും ഫ്രാന്‍സില്‍ 21,063 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.82 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.54 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 12,364 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,659 പേരും ബ്രസീലില്‍ 1,452 പേരും മെക്സിക്കോയില്‍ 1,328 പേരും ഇംഗ്ലണ്ടില്‍ 678 പേരും ജര്‍മനിയില്‍ 534 പേരും സ്പെയിനില്‍ 513 പേരും റഷ്യയില്‍ 553 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.76 ലക്ഷം മരണം സ്ഥിരീകരിച്ചു.

?ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്. ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യഥാര്‍ത്ഥ ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.

?സ്ത്രീകളുടെ ഡ്രൈവിങ് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ തടവിലായ സൗദി അറേബ്യന്‍ വനിതാ വിമോചന പ്രവര്‍ത്തക ലൂജെയ്ന്‍ ഹാത്‌ലൗല്‍ ജയില്‍മോചിതയായി. മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്ക്കൊടുവിലാണ് ലൂജെയ്‌ന്റെ ജയില്‍മോചനം. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തശേഷം യു.എസ് ഭരണകൂടം മനുഷ്യാവകാശ കരാറുകള്‍ പരിഷ്‌കരിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനു പിന്നാലെയാണ് ലൂജെയ്നിന്റെ മോചനത്തിന് തീരുമാനമായതെന്ന് കുടുംബം വെളിപ്പെടുത്തി.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡിഷ എഫ്.സി മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനായി ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറെയും ഗോള്‍ നേടിയപ്പോള്‍ ഒഡിഷയ്ക്കായി ഇരട്ട ഗോളുകള്‍ നേടി ഡീഗോ മൗറീഷ്യോ തിളങ്ങി. മൗറീഷ്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

?ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ 292 താരങ്ങളാണ് ചെന്നൈയില്‍ ഫെബ്രുവരി 18ന് നടക്കുന്ന ലേലത്തിനുണ്ടാവുക. മലയാളി താരം ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.

?സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാര്‍ പുനവാലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിന്‍കോര്‍പില്‍ വന്‍ നിക്ഷേപം നടത്തി. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സണ്‍ ഹോള്‍ഡിങ്സ് സ്വന്തമാക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നമുറയ്ക്ക് കമ്പനിയുടെ പേര് പുനവാലാ ഫിനാന്‍സ് എന്നാക്കിമാറ്റും. മുന്‍ഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാഗ്മ ഫിന്‍കോര്‍പ് അറിയിച്ചു.

?കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2020 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബര്‍ 31 വരെയുള്ള 9 മാസത്തില്‍ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി രൂപ ലാഭം നേടിയെന്നും മാനേജ്‌മെന്റ് അറിയിച്ചു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 10.80 കോടി രൂപയായിരുന്നു ലാഭം. അമോണിയ സള്‍ഫേറ്റിന്റെയും ഫാക്ടംഫോസിന്റെയും ഉല്‍പാദനത്തിലും എക്കാലത്തെയും ഉയര്‍ന്ന ഉല്‍പാദനം കൈവരിച്ചു.

?ഇന്ദ്രജിത്ത് നായകനാകുന്ന ‘ആഹാ’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ”തണ്ടൊടിഞ്ഞ താമര” എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. സയനോര രചിച്ച് സംഗീതം നിര്‍വ്വഹിച്ച ഗാനം സയനോരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ പ്രണയവും ജീവിതവും ആവിഷ്‌ക്കരിക്കുന്ന ഗാനമാണിത്. വടംവലി പ്രമേയമാകുന്ന ആഹാ ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം ചെയ്യുന്നത്.

?എജി എസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ നിര്‍മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. കുടുംബത്തിന്റെ ചുമതലാബോധങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന കുടുംബനാഥനാല്‍ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. ശാന്തികൃഷ്ണ, ഭഗത് മാനുവല്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

?ഹോണ്ട ഹൈനസ് സിബി350ന്റെ ഇന്ത്യയിലെ വില്‍പ്പന 10,000 കടന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21നാണ് വില്‍പ്പന ആരംഭിച്ചതെന്നും വെറും മൂന്നു മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും ഹോണ്ട. ക്ലാസിക്ക് രൂപകല്‍പ്പനയും ആധുനിക ഫീച്ചറുകളും പുതുമയും നിലവാരവും ഗാംഭീര്യ ശബ്ദവുമല്ലാം ചേര്‍ന്ന് ഏറെ പ്രശംസ നേടിയ മോഡലാണ് ഹൈനസ് സിബി350.

?ഒരു കൊച്ചുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന വലിയ കാര്യത്തിലൂടെ, സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക് കുട്ടികളെ വഴിനടത്തുകയാണ് കഥാകാരന്‍.. മലയാളത്തിലെ എക്കാലത്തെയും മഹാനായ എഴുത്തുകാരന്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ മനോഹരമായ ഒരു കൊച്ചുനോവല്‍. ‘നല്ല അവസരങ്ങള്‍’. വര്‍ക്കി പൊന്‍കുന്നം. മാതൃഭൂമി ബുക്സ്. വില 60 രൂപ.

?മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാല്‍സിഫിക്കേഷന്‍ (ശരീരകലകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വര്‍ധിപ്പിച്ചേക്കാം. മാനസികാരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഒരു അവക്കാഡോയില്‍ 58 മില്ലിഗ്രാമോളം മഗ്നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്. ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും നട്സ് സഹായിക്കും. നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യത്തിന്റെ ഉറവിടമായ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലും മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ മത്തങ്ങക്കുരു, എള്ള്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

ശുഭദിനം
കവിത കണ്ണന്‍
ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുകയാണ്. അന്നത്തെ സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരു അനൗണ്‍സ്മെന്റ് ഉണ്ടായി. സിനിമയ്ക്ക് മുമ്പ് ഒരു 10 മിനിട്ട് ദൈര്‍ഘ്യമുള്ള അവാര്‍ഡ് വിന്നിങ്ങ് ഷോര്‍ട്ഫിലിം പ്രദര്‍ശിപ്പിക്കുന്നതാണ് എന്ന്. അവാര്‍ഡ് ലഭിച്ച ഷോര്‍ട്ട്ഫിലിം ആയതിനാല്‍ എന്തായാലും വളരെ മികച്ച ഒന്നായിരിക്കും. എല്ലാവരും പ്രതീക്ഷയോടെ ആ ഷോര്‍ട്ഫിലിം കാണാന്‍ കാത്തിരുന്നു. ഷോര്‍ട്ഫിലിം ആരംഭിച്ചു. സ്‌ക്രീനില്‍ ഒരു മുറിയുടെ മച്ചാണ് കാണിക്കുന്നത്. രണ്ട് മിനിട്ട്, 5 മിനിറ്റ്, 8 മിനിറ്റ് ആ വിഷ്വല്‍ അങ്ങനെ തന്നെ നില്‍ക്കുയാണ്. കാണികളുടെ ഇടയില്‍ നിന്നും പിറുപിറുക്കല്‍ ആരംഭിച്ചു. ആരാണ് ഈ ഷോട്ട്ഫിലിമിന് അവാര്‍ഡ് കൊടുത്തത്, ആരാണ് ഈ ഷോര്‍ട്ഫിലിമിനെ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം കൊടുത്തത്… ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കപ്പെട്ടുതുടങ്ങി. ഏകദേശം 8 മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറ പതുക്കെ താഴേക്ക് ചലിച്ചു. അവിടെ ഒരു ബെഡ്ഡില്‍ ഒരു രോഗി കിടക്കുന്നുണ്ട്. നട്ടെല്ലിന് പരിക്കേറ്റ ഒരു രോഗിയാണ് അതെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. അയാള്‍ക്ക് ഒന്ന് അനങ്ങുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. വീണ്ടും ക്യാമറ സീലിങ്ങിലേക്ക് ഫോക്കസ് ചെയ്തു. അപ്പോള്‍ സ്‌ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിച്ചു. എട്ടോ ഒന്‍പതോ മിനിറ്റ് ഈ സീലിങ്ങ് കാണിച്ചപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരായി, നിങ്ങള്‍ക്ക് ദേഷ്യം വന്നു, നിങ്ങള്‍ ഈ തിയേറ്റര്‍ വിട്ട് പോകാനുള്ള തീരുമാനമെടുത്തു. അപ്പോള്‍ ഈ രോഗിയെ കുറിച്ച് ആലോചിച്ചു നോക്കൂ, അയാളുടെ ഉദയവും അസ്തമയും ജീവിത്തിന്റെ മുഴുവന്‍ സമയവും ഇതുമാത്രമാണ് അയാളുടെ കാഴ്ച. ഇതു മാത്രമാണ് അയാളുടെ ലോകം. ഈ കൊറോണ നമ്മുടെ പലരുടേയും പലവിധ സ്വാതന്ത്യത്തെ വെട്ടിച്ചുരുക്കിയിരിക്കുന്നു. അതിലെല്ലാം നാം പലപ്പോഴും അസ്വസ്ഥരുമാണ്. പക്ഷേ, യാതൊരു കാഴ്ചയും കാണാതെ ഇതുപോലെ സീലിങ്ങ് മാത്രം കണ്ട് ജീവിതം കഴിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. ഈയൊരു കാലഘട്ടത്തില്‍ നമുക്ക് എന്തൊക്കെ പാരതന്ത്ര്യം അനുഭവിക്കേണ്ടി വന്നാലും, നമുക്ക് ചലിക്കാന്‍ ആകുന്നുണ്ട്. പരിമിതികള്‍ ഉണ്ടെങ്കിലും നമുക്ക് സഞ്ചരിക്കാനാകുന്നുണ്ട്, നമുക്ക് ദിനരാത്രങ്ങള്‍ അനുഭവിക്കാന്‍ ആകുന്നുണ്ട്. നമുക്ക് ലഭിച്ച ഈ നന്മകളെ കൂട്ട് ചേര്‍ക്കാം, ഈ ദിനങ്ങളും കടന്നുപോകും … പഴയ നാളുകള്‍ തിരിച്ചുവരും.. നഷ്ടപ്പെട്ടതെല്ലാം മറ്റൊരു രീതിയിലെങ്കിലും നമുക്ക് അന്ന് തിരിച്ചെടുക്കാന്‍ സാധിക്കും. നഷ്ടപ്പെടാതെ നാം കാത്തുസൂക്ഷിക്കേണ്ടത് ഒന്നുമാത്രമാണ്, നമ്മുടെ മാനസിക ആരോഗ്യം. നമ്മുടെ ഇച്ഛാശക്തി. എന്തെന്നാല്‍, ഇച്ഛാശക്തി എല്ലാറ്റിനും ശക്തമാണ്, അതിനുമുന്നില്‍ ഏത് പ്രതിബന്ധങ്ങളും തരിപ്പണമാവുക തന്നെ ചെയ്യും – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *