വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പരിശോധനകള്‍ക്ക് ശേഷം അനുമതിയുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി താമസിച്ചിരുന്ന റിസോര്‍ട്ട് പൂട്ടിയിരുന്നു. ഹോംസ്റ്റേയുടെ ലൈസന്‍സ് മാത്രം വച്ച്, റിസോര്‍ട്ട് നടത്തിയതിന് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ മറ്റ് റിസോർട്ടുകളിലും ജില്ലാ ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്.
മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോർട്ടുകളും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചിടാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ ഓരോ റിസോർട്ടിന്റെയും അനുമതിയും സുരക്ഷാസാഹചര്യവും പരിശോധിച്ച ശേഷമേ തുറക്കാൻ അനുവദിക്കൂ. 15 ദിവസത്തിനുളളിൽ പരിശോധനകൾ പൂർത്തിയാക്കി റിസോർട്ടുകൾ തുറക്കാൻ അനുമതി നൽകും.