?കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനമായ നാളെ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസിന്റെ അനുമതി. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചിരുന്നു.

?കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്താന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഈ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നടക്കുന്നതെന്നും പോലീസ് പറയുന്നു.

?10 ലക്ഷം പേര്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഡോസെടുത്തത് വെറും ആറ് ദിവസം കൊണ്ട്. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പത്ത് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ യുകെ 18 ദിവസമാണെടുത്തത്. യുഎസ് 10 ദിവസവുമെടുത്തു. എന്നാല്‍ വെറും ആറ് ദിവസം കൊണ്ടാണ് ഇന്ത്യ 10 ലക്ഷം കുത്തിവെപ്പെടുത്തത്.

?കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

?സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

?നിലവിലുള്ള കേസ് അന്വേഷണത്തിന്റെ പരിമിതികള്‍ മൂലമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്ന് സോളാര്‍ ലൈംഗിക പീഡന കേസിലെ പരാതിക്കാരി. തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും അവര്‍ പറഞ്ഞു.

?സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്.

?സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം മതിയെന്നും നിലപാടെടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

?സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ടും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും കെ.സി. ജോസഫ് എം.എല്‍.എ. സര്‍ക്കാര്‍ തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതവും വൈരനിര്യാതന ബുദ്ധിയോടെയുള്ളതും ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും എല്‍.ഡി.എഫ്. കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍ പ്രതികരിച്ചു.

?അബ്ദുള്ളക്കുട്ടിയല്ല, ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ.ക്ക് വിട്ട കേസുകളില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസുമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ബി. ഗോപാലകൃഷ്ണന്‍ ഇങ്ങനെ പ്രതികരിച്ചത്.

?സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ട സംസ്ഥാന സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

?കേരളത്തില്‍ ഇന്നലെ 48,378 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3607 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124.

?സംസ്ഥാനത്ത് ഇന്നലെ 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകള്‍.

?നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു. ഓര്‍ത്തഡോക്സ് സഭയുമായി അടുക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നതിനിടയിലാണ് കൂടിക്കാഴ്ച.

?നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ല്‍ ഖമറുന്നീസ അന്‍വറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

?വയനാട്ടിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷഹാന യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്.

?51-ാമത് ദേശീയ ചലച്ചിത്രമേളയില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇന്‍ റ്റു ദ ദി ഡാര്‍ക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വ്‌നീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഐ നെവര്‍ ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാര്ം വാലന്റീനേ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.

?തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോണ്‍ഗ്രസ് വിടാന്‍ മടിക്കില്ലെന്നാണ് വിമത കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നമശിവായം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ അനുയായികളായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

?ഇന്ത്യയില്‍ ഇന്നലെ 13,232 കോവിഡ് രോഗികള്‍. മരണം 131. ഇതോടെ ആകെ മരണം 1,53,508 ആയി. ഇതുവരെ 1,06,68,674 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.81 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 2,752 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 185 പേര്‍ക്കും പശ്ചിമബംഗാളില്‍ 389 പേര്‍ക്കും കര്‍ണാടകയില്‍ 573 പേര്‍ക്കും ആന്ധ്രയില്‍ 158 പേര്‍ക്കും തമിഴ്‌നാട്ടില്‍ 569 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 10 കോടിയിലേക്ക്. ഇന്നലെ 4,29,012 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,20,884 പേര്‍ക്കും ബ്രസീലില്‍ 28, 323 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,004 പേര്‍ക്കും റഷ്യയില്‍ 21,127 പേര്‍ക്കും മെക്സിക്കോയില്‍ 20,057 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.97 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.57 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 9,008 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,650 പേരും മെക്സിക്കോയില്‍ 1,470 പേരും ഇംഗ്ലണ്ടില്‍ 610 പേരും ബ്രസീലില്‍ 562 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 21.37 ലക്ഷം മരണം സ്ഥിരീകരിച്ചു.

?ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ജംഷേദ്പുര്‍ എഫ്.സി – ഹൈദരാബാദ് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍.

?ഐഎസ്്എല്ലില്‍ ഇന്നലെ നടന്ന ആവേശം അവസാന മിനിറ്റ് വരെ നീണ്ടുനിന്ന ബെംഗളൂരു – ഒഡിഷ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ നേടിയ ഗോളിന് 82-ാം മിനിറ്റില്‍ എറിക് പാര്‍ത്താലുവിലൂടെ മറുപടി നല്‍കിയ ബെംഗളൂരു സമനില പിടിക്കുകയായിരുന്നു.

?ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്തിയപ്പോള്‍ തനിക്ക് ലഭിച്ച പ്രശംസ അനാവശ്യമാണെന്ന് ഇന്ത്യയുടെ ജൂനിയര്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. മത്സരത്തില്‍ തിളങ്ങിയ യുവതാരങ്ങളെല്ലാം ദ്രാവിഡിന്റെ ശിക്ഷണത്തിലൂടെ വന്നവരായിരുന്നു. എങ്കിലും തനിക്ക് ലഭിക്കുന്നത് അനാവശ്യ പ്രശംസയാണെന്നും കളിക്കാരാണ് പ്രശംസയ്ക്ക് അര്‍ഹരെന്നും അവര്‍ അവസരത്തിനൊത്ത് ഉയന്ന് മികച്ച പ്രകടനമാണ് നടത്തിയതെന്നും രാഹുല്‍

? ആഗോള തലത്തില്‍ പണലഭ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിപണികളിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) ജനുവരിയില്‍ ഇതുവരെ 18,456 കോടി രൂപയായി ഉയര്‍ന്നു. ഡിപോസിറ്ററികളുടെ കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ 24,469 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു. ജനുവരി 1 മുതല്‍ 22 വരെ ബോണ്ട് വിപണിയില്‍ നിന്ന് 6,013 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. അവലോകന കാലയളവിലെ മൊത്തം അറ്റ നിക്ഷേപം 18,456 കോടി രൂപയാണ്. നിലവിലെ ആഗോള സാഹചര്യങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഇടമാക്കി ഇന്ത്യയെ മാറ്റുന്നത് തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

?2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും അറ്റദായവുമായി ജിയോ. മൂന്നാം പാദത്തില്‍ 3,489 കോടിയാണ് കമ്പനിയുടെ അറ്റാദായം. മൂന്നാം പാദത്തില്‍ 3,200 കോടി രൂപ ജിയോ അറ്റദായം നേടുമെന്നായിരുന്നു സിഎന്‍ബിസി-ടിവി 18 യുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ അറ്റദായം കമ്പനിക്ക് നേടാനായി. രണ്ടാം പാദത്തേക്കാള്‍ 15.5 ശതമാനം വര്‍ധനവാണ് അറ്റദായത്തിലുണ്ടായത്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 3,020 കോടി രൂപയായിരുന്നു.

?ആഷിഖ് അബു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാന്‍ ഒരുങ്ങുന്നതായി അറിയിച്ച് സംവിധായകന്‍ അലി അക്ബര്‍. വയനാട്ടില്‍ വെച്ച് ഫെബ്രുവരി 20ന് ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്.

?ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ‘ഗുഡ് ലക്ക് ജെറി’ സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ പട്യാലയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ സെറ്റിലേക്ക് എത്തിയത്. സെറ്റില്‍ മുദ്രാവാക്യം വിളിച്ച് ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും തുടര്‍ന്ന് താരങ്ങളും അണിയറപ്രര്‍ത്തകരും താമസിക്കുന്ന ഹോട്ടലിലും എത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കര്‍ഷക സമരത്തെ അനുകൂലിച്ച് പ്രസ്താവന പുറത്തിറക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ലക്ക് ജെറി.

?മോഡലുകള്‍ക്ക് വിലകൂട്ടി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വാഹന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5000 രൂപ മുതല്‍ 34,000 രൂപ വരെ കൂടി. അരീന, നെക്സ ശൃംഖലകളിലുമുള്ള വാഹനങ്ങളുടെ എക്സ്ഷോറൂം വില വര്‍ദ്ധിക്കും. നെക്‌സ മോഡലുകള്‍ക്ക് 26,000 രൂപ വരെയാണ് കൂടുന്നത്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് 5,000 മുതല്‍ 25,000 രൂപ വരെ കൂടി. ഇഗ്‌നിസിന് 3,000 മുതല്‍ 11,000 രൂപ വരെയും സിയാസിന് 26,000 രൂപ വരെയും കൂടി. എക്‌സ്എല്‍ 6 എംപിവിക്ക് ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ 10,000 രൂപയും കൂടി. മാരുതി സ്വിഫ്റ്റ് എല്‍എക്സ്ഐ വേരിയന്റിന് 30,000 രൂപ കൂടി.

?”ഞാന്‍ ഗൗതമ ബുദ്ധനെ സ്നേഹിക്കുന്നു, കാരണം മതത്തിന്റെ സാരാംശമായ അകക്കാമ്പിനെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ സ്ഥാപകന്‍-ബുദ്ധമതം ഒരു ഉപോല്‍പ്പന്നമാണ്- എന്നാല്‍ ലോകത്തിലെ തികച്ചും വ്യത്യസ്തമായ ഒരു മതത്തിന്റെ തുടക്കക്കാരനാണദ്ദേഹം, മതമില്ലാത്ത മതത്തിന്റെ സ്ഥാപകന്‍.” വജ്രസൂത്രം. ഓഷോ. സൈലന്‍സ് ബുക്സ്. വില 304 രൂപ.

?കോവിഡ് രോഗബാധിതര്‍ക്ക് രോഗമുക്തി നേടിയ ശേഷം കുറഞ്ഞത് ആറു മാസത്തേക്ക് എങ്കിലും വൈറസിനെ ചെറുത്ത് നില്‍ക്കാനാകുമെന്ന് പഠനം. വൈറസിനെതിരെ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ആന്റിബോഡികളുടെ തോത് കുറഞ്ഞാലും ശരീരത്തിലെ ബി സെല്ലുകള്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് അമേരിക്കയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിനെ ഓര്‍ത്ത് വയ്ക്കുന്ന ബി സെല്ലുകള്‍ വീണ്ടും അണുബാധയുണ്ടാകുന്ന പക്ഷം വൈറസുകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുന്ന ആന്റിബോഡികളെ ശരീരത്തില്‍ ഉത്പാദിപ്പിക്കും. ഫലപ്രദമായ പ്രതിരോധ മരുന്ന് കുത്തിവയ്പ്പിനും ഇത്തരം പ്രതികരണങ്ങള്‍ അത്യാവശ്യമാണെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അടിവരയിടുന്നു. ആറ് മാസത്തിനും ശേഷം ഇത്തരം മെമ്മറി ബി സെല്ലുകള്‍ക്ക് ശോഷണം സംഭവിക്കുന്നില്ല. പകരം അവ തുടര്‍ച്ചയായി പരിണാമം നേടുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ അവശേഷിക്കുന്ന വൈറസിന്റെ പ്രോട്ടീനുകള്‍ അവയുടെ വൈറസ് ഓര്‍മയെ ബലപ്പെടുത്തുന്നു. ഇത്തരത്തില്‍ പരിണാമം സംഭവിച്ച് കൂടുതല്‍ ശക്തമായ ആന്റിബോഡികളെ ഉത്പാദിപ്പിക്കാനും ബി സെല്ലുകള്‍ക്ക് കഴിയും. കോവിഡ് ബാധിച്ച 188 പേരെ ഒരു മാസത്തിനും ആറു മാസത്തിനും ശേഷം വിലയിരുത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *