?കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ഷകര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി തീരുമാനിച്ചു.മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നും എല്ലാ കര്‍ഷകര്‍ക്കും പ്രയോജനകരായ രീതിയില്‍ താങ്ങുവില ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ പറഞ്ഞു. കര്‍ഷകസമരം ഇന്ന് 59-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

?രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ കാരണം പാലരും വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

?കോവിഡ് വാക്സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. പുണെയിലെ മഞ്ച്രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. തീപ്പിടിത്തമുണ്ടായത് കൊറോണ വാക്സിന്‍ നിര്‍മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാല്‍, കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം.

? പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

?മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കോവിഡ് വാക്സിന്‍ നല്‍കി. ബംഗ്ലാദേശിലേക്ക് 20 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസും നേപ്പാളിലേക്ക് 10 ലക്ഷം ഡോസുമാണ് അയച്ചത്. മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിന്‍ വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാന്‍മാറിലേക്ക് 10 ലക്ഷം ഡോസും സീഷെല്‍സിലേക്ക് അരലക്ഷം ഡോസുമാണ് അയച്ചത്.

?കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

?ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ‘V’ ആകൃതിയില്‍ തിരിച്ചുവരുകയാണെന്നും ലോകം ഏറെ ആശ്ചര്യത്തോടെയാണ് ഇത് വീക്ഷിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

?സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി. കസ്റ്റംസിനും ചെന്നിത്തലയ്ക്കും രാജഗോപാലിനും ഒരേ സ്വരമാണ്. അന്വേഷണ ഏജന്‍സികള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും ഏജന്‍സികളുടെ തെറ്റുകളെ ന്യായീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

?അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രീരാമകൃഷ്ണനെതിരായ പ്രസ്താവനക്കെതിരെ ധനമന്ത്രി തോമസ് ഐസക്.. അങ്ങനെയെങ്കില്‍ ഐഡിയല്‍ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എത്ര കോടിയുടെ കരാര്‍ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നാണ് ധനമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

?നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ ബി.ജെ.പി രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവര്‍ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

?വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്ത് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്.

?യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. മുസ്ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.

?പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്. കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

?ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ല. ചടങ്ങില്‍ എത്താന്‍ അസൗകര്യം ഉളളതായി പ്രധാനമന്ത്രി അറിയിച്ചു. പകരം മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ജനുവരി 28-നാണ് ഉദ്ഘാടനം.

?സ്പ്രിംക്ലര്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റംവരണമെന്നും വസ്തുതകള്‍ മനസിലാക്കാതെ കേരളത്തിന്റെ വളര്‍ച്ചയില്‍ അസൂയയോടെ നോക്കുന്നത് കൊണ്ടാണ് പ്രതിപക്ഷത്തിന് കാര്യങ്ങള്‍ ശരിയായി നിരീക്ഷിക്കാന്‍ കഴിയാത്തതെന്നും മന്ത്രി വിമര്‍ശിച്ചു.

?നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2.67 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഇനിയും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1,37,79,263 സ്ത്രീ വോട്ടര്‍മാരും 1,02,95,202 പുരുഷ വോട്ടര്‍മാരുമാണുള്ളത്.

?കേരളത്തില്‍ ഇന്നലെ 61,279 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3545 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87.

?സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകള്‍.

?സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കി. 135 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടന്നു. സംസ്ഥാനത്ത് ഇതുവരെ 35,773 പേര്‍ വാക്സിന്‍ സ്വീകരിച്ചു.

?സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

?മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ തത്കാലത്തേക്ക് പിന്‍വലിച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ പരിശോധിക്കുന്നതാണ് നിര്‍ത്തിവച്ചത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാല്‍, പതിവ് വാഹനപരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ്.

?ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് വിട. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം.

?മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചസംഭവത്തിലാണ് മകന്‍ റെജിയെ അറസ്റ്റുചെയ്തത്.

?എടവണ്ണയില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചം തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (5) മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചു നിലയില്‍ കണ്ടത്തിയത്.

?കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്ര സ്ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു.

?സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ചന്ദ്രശേഖര്‍ റാവുവിന് തിരഞ്ഞെടുപ്പ് പനിയാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍.ഇന്ദ്രസേന റെഡ്ഡി ആരോപിച്ചതിന് പിന്നാലെയാണ് സംവരണപ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

?ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് റിപ്പോര്‍ട്ട്. ലഫ്. ഗവര്‍ണറായ കിരണ്‍ ബേദി പുതുച്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചു.

?ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ വിജ്ഞാപനം പിന്‍വലിക്കണണെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്. തീരുമാനം അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതും രോഗികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

?നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (ബി.എസ്.എഫ്) ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ നഗരവികസനകാര്യ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ത ചാറ്റര്‍ജിയും ഉള്‍പ്പെടെയുള്ള തൃണമൂല്‍ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

?സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് പോലീസ്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സഹായമെത്തിക്കാനുളള നൂതന സാങ്കേതിക വിദ്യയാണ് പോലീസിന്റെ സുരക്ഷാ പദ്ധതികളിലൊന്ന്.

?അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മുന്‍ ക്രിക്കറ്റ് താരവും കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ ഒരുകോടി രൂപ സംഭാവന നല്‍കി. രാമക്ഷേത്ര നിര്‍മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ഡല്‍ഹി ബി.ജെ.പി ആരംഭിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

?ഇന്ത്യയില്‍ ഇന്നലെ 14,472 കോവിഡ് രോഗികള്‍. മരണം 161. ഇതോടെ ആകെ മരണം 1,53,067 ആയി. ഇതുവരെ 1,06,26,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.85 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 2,886 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 227 പേര്‍ക്കും പശ്ചിമബംഗാളില്‍ 416 പേര്‍ക്കും കര്‍ണാടകയില്‍ 674 പേര്‍ക്കും ആന്ധ്രയില്‍ 139 പേര്‍ക്കും തമിഴ്‌നാട്ടില്‍ 596 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 6,33,639 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,73,241 പേര്‍ക്കും ബ്രസീലില്‍ 59,946 പേര്‍ക്കും സ്പെയിനില്‍ 44,357 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,892 പേര്‍ക്കും റഷ്യയില്‍ 21,887 പേര്‍ക്കും ഫ്രാന്‍സില്‍ 22,848 പേര്‍ക്കും മെക്സിക്കോയില്‍ 20,548 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.80 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.55 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 15,753 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,814 പേരും ഇംഗ്ലണ്ടില്‍ 1,290 പേരും ജര്‍മനിയില്‍ 855 പേരും ബ്രസീലില്‍ 1,135 പേരും റഷ്യയില്‍ 612 പേരും ദക്ഷിണാഫ്രിക്കയില്‍ 647 പേരും ഇറ്റലിയില്‍ 521 പേരും മെക്സിക്കോയില്‍ 1539 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 20.97 ലക്ഷം മരണം സ്ഥിരീകരിച്ചു.

?പാകിസ്താന് ചൈന അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല സൗഹൃദത്തിന്റെ സൂചകമാണ് ഈ നടപടിയെന്നും അതിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഖുറേഷി.

?ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയും നഷ്ടമാകും. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ താരത്തിന്റെ ഇടതു കൈയിലെ തള്ളവിരലിന് സ്ഥാനചലനം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വെച്ചു തന്നെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജഡേജയ്ക്ക് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചുകയറിയത്. ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന ഡേവിഡ് വില്യംസാണ് ടീമിനായി വിജയഗോള്‍ നേടിയത്. വില്യംസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

?ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്‍മയും, വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്‍കപ്പെടുന്നതാണ് ഈ അവാര്‍ഡ്. 92 വര്‍ഷങ്ങളുടെ ബിസിനസ് പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പ് 2001 ലാണ് പാലക്കാട് കേന്ദ്രീകരിച്ച് സ്‌ററീല്‍ ബാര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി 6 എം.എം. ടി.എം.ടി എഫ്ഇ 500 ഗ്രേഡ് സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ചതും കള്ളിയത്താണ്.

?2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ 62.28 ശതമാനത്തിന്റെ വര്‍ധനവുമായി ഏഷ്യന്‍ പെയിന്റ്സ്. 1,265.35 കോടി രൂപയായാണ് അറ്റാദായം വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 779.71 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയിരുന്നത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25.43 ശതമാനം ഉയര്‍ന്ന് 6,886.39 കോടി രൂപയായി. 2019-20 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,490.11 കോടി രൂപയായിരുന്നു.

?നവാഗതനായ ദിനു സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘ലൈന്‍ ഓഫ് മര്‍ഡര്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വീഡിയോ സോങ്ങ് റിലീസായി. സുജിത്ത് നായറിന്റെ വരികള്‍ക്ക് ജിതിന്‍ പി. ജയകുമാര്‍ ഈണം പകര്‍ന്ന് ദേവിദാസ് ആണ് ഗാനം ആലപിച്ചിച്ചിരിക്കുന്നത്. റഫീഖ് ചോക്ലി, ജോമോന്‍ ജോഷി, പ്രീതി രാജേന്ദ്രന്‍ എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മ ഇല്ലെങ്കിലും അമ്മയുടെ കുറവുകള്‍ ഒന്നും അറിയിക്കാതെ തന്റെ രണ്ട് പെണ്‍മക്കളെ വളര്‍ത്തുന്ന ഒരച്ഛന്റെ കഥയാണ് ലൈന്‍ ഓഫ് മര്‍ഡര്‍.

?രോഹിത് വി എസിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്.

?ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത ഹിമാലയന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് പ്രധാന ആകര്‍ഷണം ട്രിപ്പര്‍ നാവിഗേഷന്‍ ആണ്. ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആണ് ട്രിപ്പര്‍ നാവിഗേഷന്‍. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.

?ബെല്‍ബോട്ടം പാന്‍സിട്ട്, ജാവാബൈക്കില്‍ കയറി യാതൊരു തിടുക്കവുമില്ലാതെ വട്ടം ചുറ്റിക്കൊണ്ടിരുന്ന എഴുപതുകളുടെ അന്ത്യത്തില്‍ മലയാളസിനിമാലോകത്തുണ്ടായ ജയന്‍തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുള്‍നാടന്‍ ഗ്രാമജീവിതത്തിന്റെ ചിത്രീകരണം. ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേര്‍ന്ന് ഒരപൂര്‍വ രചന. എസ്. ആര്‍. ലാലിന്റെ ഏറ്റവും പുതിയ നോവല്‍. ‘ജയന്റെ അഞ്ജാത ജീവിതം’. മാതൃഭൂമി. വില 264 രൂപ.

?രോഗപ്രതിരോധശക്തിയേകുന്ന, എല്ലുകള്‍ക്ക് ആരോഗ്യമേകുന്ന വൈറ്റമിന്‍ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. മറ്റൊരു പ്രധാന ഗുണം കൂടി ഈ വൈറ്റമിനുണ്ട്. ശരീരഭാരം കുറയ്ക്കുക. കൊഴുപ്പിനെ അലിയിക്കുന്ന വൈറ്റമിന്‍ ആയ ഡി, സൂര്യപ്രകാശത്തില്‍ നിന്നും ചില ഭക്ഷണങ്ങളില്‍ നിന്നും സപ്ലിമെന്റുകളില്‍ നിന്നും ലഭിക്കും. അള്‍ട്രാവയലറ്റ് വികിരണങ്ങളുമായി ചര്‍മം സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അത് ശരീരത്തിലെ കൊളസ്ട്രോളിനെ വൈറ്റമിന്‍ ഡി ആയി മാറ്റുന്നു. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സൂര്യപ്രകാശം കൊഴുപ്പ് കോശങ്ങളെ ചുരുക്കുകയും അങ്ങനെ ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. നമ്മുടെ ചര്‍മത്തിലൂടെ നീല പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം തുളച്ചു കയറി ചര്‍മത്തിനടിയിലെ കൊഴുപ്പിലെത്തുമ്പോള്‍ ലിപ്പിഡ് കണികകള്‍ ചുരുങ്ങുകയും കോശങ്ങളില്‍ നിന്ന് പുറത്തുപോവുകയും ചെയ്യും. ചുരുക്കിപറഞ്ഞാല്‍ ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ പുറന്തള്ളാന്‍ സൂര്യപ്രകാശം സഹായിക്കുന്നു. ഈ വൈറ്റമിന്റെ അഭാവം പൊണ്ണത്തടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ദുര്‍ബലമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം തണുപ്പുകാലത്ത് ആളുകള്‍ക്ക് ശരീരഭാരം കൂടുന്നു എന്നത് വസ്തുതയാണ്. ദിവസവും പത്തോ പതിനഞ്ചോ മിനിറ്റ് വെയില്‍ കൊള്ളാം. രാവിലെ 10-11 സമയത്തിനിടയ്ക്കോ ഉച്ചയ്ക്ക് 1-3 വരെയുള്ള സമയത്തോ സൂര്യപ്രകാശമേല്‍ക്കാം.

ശുഭദിനം
കവിത കണ്ണന്‍
രാത്രി ഏറെവൈകിയപ്പോഴാണ് പുറത്തെ ഷെഡ്ഡില്‍ ഒരു അനക്കം അവര്‍ ശ്രദ്ധിച്ചത്. ഭാര്യയും ഭര്‍ത്താവും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ രണ്ട് കള്ളന്മാരാണ് അതെന്ന് അവര്‍ക്ക് മനസ്സിലായി. അവര്‍ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥന്‍ ചോദിച്ചു: നിങ്ങള്‍ വീട്ടിനകത്ത് സുക്ഷിതരല്ലേ? അതെ, അവര്‍ പറഞ്ഞു. അപ്പോള്‍ ഉദ്യാഗസ്ഥന്‍ പറഞ്ഞു: ഇവിടെ ഇപ്പോള്‍ ആര്‍ക്കും ഒഴിവില്ല. തിരക്കൊഴിയുമ്പോള്‍ ഞങ്ങള്‍ എത്തിക്കോളാം’. ഉദ്യോഗസ്ഥന്‍ ഫോണ്‍ വെച്ചു. അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു: ഇനി നിങ്ങള്‍ വരണമെന്നില്ല, ഞങ്ങള്‍ അവരെ വെടിവെച്ചു കൊന്നു. ഇത് കേട്ടതും നിമിഷങ്ങള്‍ക്കകം പോലീസ് പാഞ്ഞെത്തി. പുറത്തെ ഷെഡ്ഡില്‍ നിന്ന് കള്ളന്മാരെ പിടികൂടുകയും ചെയ്തു. അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു: നിങ്ങള്‍ കള്ളന്മാരെ കൊന്നുവെന്നല്ലേ പറഞ്ഞുത്? അപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചു: സ്റ്റേഷനില്‍ ആര്‍ക്കും ഒഴിവില്ലെന്നല്ലേ നിങ്ങള്‍ പറഞ്ഞത്? നേര്‍വഴികളിലൂടെ നേരിടാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കു തന്ത്രപൂര്‍വ്വമായ വഴികള്‍ മാത്രമാണ് പരിഹാരം. അവയ്ക്ക് കുതന്ത്രങ്ങളുടെ ചേരുവകള്‍ ഇല്ലാതിരുന്നാല്‍ മാത്രം മതി. എല്ലാ അസത്യങ്ങളും ഹാനികരമാകാറില്ല. അതുപോലെ എല്ലാ അടവുകളും അപരാധങ്ങളായി മാറാറുമില്ല. ചിലതെങ്കിലും മറ്റെല്ലാവഴികളും അടഞ്ഞവരുടെ അവസാന വഴിയായിരിക്കും. കുറുക്കുവഴികളെ എല്ലാം അടച്ച് ആക്ഷേപിക്കാനാകില്ല. യാത്ര എളുുപ്പമാക്കാനും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കാനും അവയ്ക്ക് കഴിവുണ്ടെങ്കില്‍ അത് നല്ലതല്ലേ…ഉദ്ദേശ്യശുദ്ധിയാണ് മാര്‍ഗ്ഗങ്ങളുടെ ശ്രേഷ്ഠത തീരുമാനിക്കുന്നത്. സ്വന്തം കഠിനാധ്വാനം ലഘൂകരിക്കാനുള്ള ഉത്തോലകങ്ങള്‍ എല്ലാവരും കണ്ടുപിടിക്കാറില്ലേ… അത് പലപ്പോഴും ജന്മസിദ്ധമാണ്. ആര്‍ക്കും ദോഷകരമാകാത്ത തനതുവഴികള്‍ സൃഷ്ടിക്കാനും ലക്ഷ്യം നേടാനും നമുക്കും സാധിക്കട്ടെ – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *