പയ്യന്നൂർ: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനു ശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. 98-ാം വയസിൽ അദ്ദേഹം കോവിഡിനെ തോൽപ്പിച്ച് വീണ്ടും വാർത്തയിൽ ഇടംപിടിച്ചു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.
ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസായിരുന്നു അദ്ദേഹത്തിന്. അവിചാരിതമയാണ് സിനിമയിലേക്കുള്ള പ്രവേശനം. ദേശാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കിടെ സംവിധായകൻ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി അവിടുണ്ടായിരുന്നു. ഇതാണ് നമ്മുടെ മുത്തച്ഛനെന്ന് ജയരാജ് നിശ്ചയിക്കുകയും സിനിമയിൽ അഭിനയിപ്പിക്കുകയുമായിരുന്നു. പിന്നീട് മലയാളം കടന്ന് തമിഴിലും സാനിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽഹാസനൊപ്പം ‘പമ്മൽ കെ സമ്മന്തം’, രജനീകാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യറായിയുടെ മുത്തച്ഛൻ വേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ’, മലയാള സിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റം വരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.