ന്യൂഡൽഹി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുലർച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്. 1,50,000 ഡോസുകളാണ് ഇന്ത്യ ആദ്യഘട്ടത്തിൽ ഭൂട്ടാന് നൽകുന്നത്.
ഇന്ത്യയിൽ നിന്നും വാക്‌സിൻ ഡോസുകൾ സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ഭൂട്ടാൻ. തിംഫു വിമാനത്താവളത്തിലെത്തുന്ന വാക്‌സിൻ വിതരണത്തിനായി വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം ഭൂട്ടാൻ പ്രധാനമന്ത്രി ലോടേയ് ഷെറിംഗ് ഇന്ത്യയിൽ നിന്നും വാക്‌സിൻ ഇറക്കുമതി ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോസുകൾ ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ഡോസുകൾ ഇന്ത്യ ഭൂട്ടാന് നൽകും.
കൊറോണ വ്യാപനത്തിനിടയിൽ പ്രതിരോധത്തിനായി ഇന്ത്യ ഭൂട്ടാനൊപ്പം എന്നും നില കൊണ്ടിരുന്നു. പല രാജ്യങ്ങളും രാജ്യാന്തര കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചപ്പോഴും, ഇന്ത്യ ഭൂട്ടാനുൾപ്പെടെയുളള രാജ്യങ്ങളിലേക്ക് അവശ്യ സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിന് പുറമേ എയർ ബബിൾ കരാറ് പ്രകാരം ഗതാഗത സൗകര്യവും ഉറപ്പുവരുത്തിയിരുന്നു. ഭൂട്ടാന് പുറമേ അഞ്ച് രാജ്യങ്ങൾക്ക് കൂടി ഇന്ത്യ വാക്‌സിൻ നൽകുന്നുണ്ട്.