?ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീംകോടതി. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല അല്ലെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

?തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച കങ്കണയ്ക്ക് മറുപടിയുമായി വന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയുമായി വീണ്ടും കങ്കണ. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് കമലിന്റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നത് എന്നതായിരുന്നു തരൂരിന്റെ മറുപടി. ഇതിന് തൊട്ടുപിന്നാലെ സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോയെന്നാണ് കങ്കണയുടെ ട്വീറ്റ്.

?രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 83.97 രൂപ നല്‍കണം. ഡീസലിനാകട്ടെ 74.12 രൂപയുമാണ് വില. കോഴിക്കോട്ടാകട്ടെ 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നല്‍കണം.

?വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയില്‍ പോലീസിനും പ്രോസിക്യൂട്ടര്‍ക്കും വിചാരണ കോടതി ജഡ്ജിക്കും രൂക്ഷ വിമര്‍ശനം.

?പോക്സോ കേസുകളില്‍ ഇരകളാവുന്ന പെണ്‍കുട്ടികളുടെ വൈദ്യപരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റുകള്‍ക്കു പകരം വനിതാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനുള്ള നീക്കം മെഡിക്കോ ലീഗല്‍ കേസുകളെ ബാധിക്കുമെന്ന് ഒരുകൂട്ടം ഡോക്ടര്‍മാര്‍. വൈദ്യപരിശോധന നടത്തിയത് വിദഗ്ധ ഡോക്ടര്‍ അല്ലെന്ന് ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗത്തിനു സ്ഥാപിക്കാനാകും. കോടതികളില്‍ അത്തരം സംഭവങ്ങള്‍ പതിവാണെന്നും അവര്‍ പറയുന്നു.

?പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ക്ക് അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തിരഞ്ഞെടുത്തത്.

?നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പങ്കാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ എന്‍.ഐ.എ. നടത്തിയത് തന്ത്രപരമായ നീക്കം. സ്വര്‍ണക്കടത്തിനെക്കുറിച്ച് എല്ലാമറിയുന്ന ആളെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയില്‍ കേസിന് ബലം നല്കാന്‍ എന്‍.ഐ.എ.ക്ക് കഴിയുമെന്നാണ് നിയമ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

?സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന് മുമ്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ ചേരുന്നതിനാല്‍ ജോലി തിരക്കുണ്ടെന്ന് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് പുതിയ തിയ്യതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

?ജൂവലറി ഇടപാടുകളില്‍ ഇടപെടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അധികാരം നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ സ്വര്‍ണവ്യാപരമേഖലയില്‍ ആശങ്ക. രാജ്യത്തെ 40 ശതമാനം ആളുകള്‍ക്കും പാന്‍കാര്‍ഡ് ഇല്ലാത്ത അവസ്ഥയില്‍ എല്ലാ ഇടപാടുകാരുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നതെങ്ങനെയെന്നാണ് സംശയം. അനധികൃത വ്യാപാരം വ്യാപകമാവുമെന്നും ആശങ്കയുണ്ട്.

?ജോസ് കെ. മാണി രാജ്യസഭ എം.പി. സ്ഥാനം ഇന്ന് തന്നെ രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍. ഗുജറാത്തിലെ രാജ്യസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

?സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താല്‍പര്യമില്ലെന്നും രണ്ട് കൂട്ടരും വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണെങ്കില്‍ പിന്നീട് ചര്‍ച്ചയില്‍ കാര്യമില്ലെന്നും പി.എസ് ശ്രീധരന്‍ പിള്ള.

?മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയതത്.

?മന്ത്രി എ.കെ.ബാലന് കോവിഡ് 19 സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

?എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

?നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ തര്‍ക്ക ഭൂമി സംബന്ധിച്ച് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

?ഡ്രൈവിങ് പരീക്ഷ പാസായി സുഹൃത്തിന്റെ ബൈക്കില്‍ മടങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്.

?പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസില്‍ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

?വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് നല്‍കിയ വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

?സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കടര് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. നിലവില്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് പുകയില ഉത്പന്നങ്ങളളുടെ ഉപയോഗത്തിന് വിലക്കുള്ളത്. കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്.

?നിയമവിരുദ്ധമതപരിവര്‍ത്തനങ്ങള്‍ക്കെതിരേ കൊണ്ടു വന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. അതേ സമയം നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

?രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ കോവിഡ് 19 പശ്ചാത്തലത്തിലും പുണെയിലെത്തിയ 83-കാരനായ വ്യവസായി രത്തന്‍ ടാറ്റയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

?രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രിസഭയിലുണ്ടായിരുന്നെങ്കില്‍ മമത ബാനര്‍ജി സഖ്യം വിട്ടുപോകില്ലായിരുന്നുവെന്ന് പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകള്‍. അദ്ദേഹത്തിന്റെ ആത്മകഥയായ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സിലാണ് മമത ബാനര്‍ജി യു.പി.എ. സഖ്യം വിട്ടതിനെ കുറിച്ചുളള പരാമര്‍ശമുളളത്.

?മലയാളിയായ തമിഴ് സാഹിത്യകാരന്‍ ആ.മാധവന്‍ (87) അന്തരിച്ചു. അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ‘ഇലക്കിയ ചുവടുകള്‍’ എന്ന ലേഖന സമാഹാരത്തിന് 2015-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

?ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ഇന്ദിരാ ഹൃദയേഷിനോട് മാപ്പ് പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത് ഇന്ദിരാ ഹൃദയേഷിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ത്രിവേന്ദ്ര സിങ് റാവത്ത് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.

?ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാളെ സിഡ്‌നിയില്‍ നടക്കുന്ന ടെസ്റ്റില്‍ നവ്ദീപ് സൈനി അരങ്ങേറ്റം കുറിക്കും. നേരത്തെ ടി നടരാജന്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലുംനടരാജനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോശം ഫോമില്‍ കളിക്കുന്ന മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മ ടീമിലെത്തി. രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവരാണ് ഇന്നു പ്രഖ്യാപിച്ച ടീമിലുള്ളത്.

?ഇ-കൊമേഴ്സ് രംഗത്തെ അതികായകരായ ഫ്ളിപ്കാര്‍ട്ട്, സൊമാറ്റോ, പെപ്പര്‍്രൈഫ എന്നിവരുടെ ചുവടുപിടിച്ചു ഇന്ത്യന്‍ ഓണ്‍ലൈന്‍ കോസ്മെറ്റിക് റീട്ടെയിലര്‍ നൈകയും തങ്ങളുടെ ഐപിഒയായി ഈ വര്‍ഷം ഓഹരി വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ സൗന്ദര്യ വിപണന സ്ഥാപനത്തിന്റെ ആദ്യത്തെ ഐപിഒ ആണിത്. മുംബൈ ആസ്ഥാനമായുള്ള നൈക ഇ-റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐപിഒക്കാണ് ഒരുങ്ങുന്നതെന്നാണ് റിേപ്പാര്‍ട്ടുകള്‍. നൈകയുടെ വെബ്സൈറ്റ് ഏകദേശം 55 ദശലക്ഷം ആള്‍ക്കാരാണ് പ്രതിമാസം സന്ദര്‍ശിക്കുന്നത്.

?ഇന്ത്യയിലെ സേവന മേഖല ഡിസംബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നു. തൊഴില്‍ ക്ഷാമം മൂലം ബിസിനസ്സ് ശുഭാപ്തിവിശ്വാസം മങ്ങുകയും ആവശ്യകത കുറയുകയും ചെയ്തു. ഒപ്പം പ്രതിസന്ധികള്‍ കാരണം സ്റ്റാഫ് നിയമനം നിര്‍ത്തലാക്കുകയും ചെയ്തതായി ഒരു സ്വകാര്യ സര്‍വേ വ്യക്തമാക്കുന്നു. സേവന മേഖലയ്ക്കുള്ള പര്‍ച്ചേസിംഗ് മാനേജര്‍സ് സൂചിക (പിഎംഐ) ഡിസംബറില്‍ 52.3 ആയി കുറഞ്ഞു. നവംബറില്‍ ഇത് 53.7 ആയിരുന്നു. 50 ന് മുകളിലുള്ള സംഖ്യ വിപുലീകരണത്തെ സൂചിപ്പിക്കുന്നു. നിര്‍മാണമേഖലയില്‍ പിഎംഐ ഉല്‍പാദനം നവംബറിലെ 56.3 ല്‍ നിന്ന് ഡിസംബറില്‍ 56.4 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

?രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ ചിത്രത്തിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്ത്. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും അഭിനയിക്കുന്നു. മെയ് 13ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. 1950കളില്‍ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കെ.എം ചിദംബരത്തിന്റെ ‘തുറമുഖം’ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

?ഫര്‍ഹാന്റെയും റേച്ചലിന്റെയും പ്രണയ കഥ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ് ‘ഹിതം’ എന്ന സംഗീത ആല്‍ബം. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൈപ്പള്ളിയാണ് ഫര്‍ഹാന്‍ എന്ന കഥാപാത്രമായി സംഗീത ആല്‍ബത്തിലെത്തുന്നത്. ഐറിന്‍ ജോസാണ് നായിക. ‘മേഘം പൂത്തതാം, വാനം താനെ വന്നിതാ, നനവിന്‍ തേടലാല്‍ മഴനൂല്‍ പെയ്തിതാ…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. നിരഞ്ജ് സുരേഷും സിത്താര കൃഷ്ണകുമാറുമാണ് ഗാനമാലപിച്ചിരിക്കുന്നത്.

?ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളില്‍ മുന്‍നിര മോഡലായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ എസ്.യു.വിക്ക് 29.88 ലക്ഷം രൂപ മുതല്‍ 37.43 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ട്‌സ് പതിപ്പായി ഇത്തവണ പുതുതായി അവതരിപ്പിച്ച ലെജന്‍ഡര്‍ മോഡലിന് 37.58 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

Leave a Reply

Your email address will not be published. Required fields are marked *