എടപ്പാൾ: യുവാവിന്റെ മൃതദേഹത്തിനായി ശനിയാഴ്ച ആരംഭിച്ച തിരച്ചിൽ ഞായറാഴ്ചയും തുടർന്നതോടെ ആശങ്കയിലായ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും മുന്നിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദുർഗന്ധം വമിക്കുന്ന ഒരു ചാക്കുകിട്ടി. മാലിന്യങ്ങൾ കയറ്റുന്നതിനിടയിൽ അതുവരെയുണ്ടായിരുന്ന മണത്തിന് വ്യത്യാസമനുഭവപ്പെടുകയും വലിയൊരു ചാക്ക് ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ മൃതദേഹാവശിഷ്ടമാണെന്ന് തൊഴിലാളികൾ കരുതി. ഇതനുസരിച്ച് പോലീസിന് വിവരവും നൽകി.
ഇതോടെ ജീപ്പിലിരിക്കുകയായിരുന്ന ഡിവൈ.എസ്.പി. അടക്കമുള്ളവരെല്ലാം കിണറിനടുത്തേക്ക് ഓടിയെത്തി. പെട്ടിയിറക്കി കാര്യമായ കേടുപാടുകൾ വരുത്താതെ ചാക്ക് പ്രയാസപ്പെട്ട് കരയ്ക്കുകയറ്റി. ദുർഗന്ധംമൂലം പോലീസും മാധ്യമപ്രവർത്തകരുമെല്ലാം മൂക്കുപൊത്തി. കരയ്ക്കുകയറ്റിയ ചാക്ക് അഴിച്ചപ്പോഴാണ് മനസ്സിലായത്, ഏതോ കല്യാണത്തിന് അവശേഷിച്ച ബിരിയാണി ഒന്നാകെ ചാക്കിലാക്കി ഉപേക്ഷിച്ചതായിരുന്നു അത്.
കോഴിയിറച്ചി ചീഞ്ഞളിഞ്ഞുണ്ടായ ദുർഗന്ധമാണ് മൃതശരീരാവശിഷ്ടമാണെന്നു ധരിക്കാൻ കാരണം. കാര്യമറിഞ്ഞതോടെ വീണ്ടും എല്ലാവരും കിണറിനടുത്തുനിന്ന് മാറി. പിന്നീട് അഞ്ചുമണിക്കൂർ കൂടി മാലിന്യം കയറ്റിയശേഷമാണ് മൃതദേഹമടങ്ങിയ ചാക്ക് കിട്ടിയത്. അപ്പോഴേക്കും കിണറിന്റെ ആഴം മാലിന്യം നീക്കിത്തുടങ്ങുമ്പോഴുണ്ടായിരുന്നതിനേക്കാൾ ആറുമീറ്ററോളം കൂടുതലായിട്ടുണ്ടായിരുന്നു.