?കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാവിലെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍
ചികിത്സ തേടി. പിന്നീട് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനവും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനവും അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തിയവയാണ്.വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, കര്‍ണ്ണന്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

?കൊടും ശൈത്യവും മഴയും സഹിച്ച് നമ്മുടെ കര്‍ഷകര്‍ കഴിഞ്ഞ 39 ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുകയാണെന്നും അവരുടെ ദുരവസ്ഥ രാജ്യത്തെ എല്ലാ പൗരന്മാരെയും ആശങ്കയിലാഴ്ത്തുന്നതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

?അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

?ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇത്തരം സുപ്രധാന വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

?ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇതിന് അനുമതി നല്‍കിയതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രസ്താവന.

?സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും മിനിറ്റില്‍ 5,000 ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.

?തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യമുണ്ടാക്കിയത് യുഡിഎഫ് അംഗീകരിച്ചു. മുന്നോക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

?പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശമുന്നയിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും മുഹമ്മദ് ബഷീര്‍.

?കേരളത്തില്‍ ഇന്നലെ 47,291 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41.

?സംസ്ഥാനത്ത് ഇന്നലെ പുതിയ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകള്‍

?സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലില്‍വച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

?പാണത്തൂര്‍ ബസപകടം മരണം ഏഴായി. സുള്ള്യയില്‍ നിന്നും പാണത്തൂരിലെ എള്ളുക്കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 56 പേരുണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം അപകടത്തില്‍പ്പെട്ടവര്‍ക്ക് സമബന്ധിതമായി പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞത് മരണ സംഖ്യ കുറച്ചു.

?തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു.

?വിദ്യാര്‍ത്ഥികള്‍യ്ക്കിടയില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്പേസ് കിഡ്സ് ഇന്ത്യ നടത്തുന്ന യങ് ഇന്ത്യ സയന്റിസ്റ്റ് അവാര്‍സ് കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് അസീമിന് ലഭിച്ചു.

?കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

?രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കൂട്ടമായി ചത്ത കാക്കളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്.

?ഉത്തര്‍ പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകള്‍ക്ക് മേലേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

?ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമന്ന് ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 504 സ്ഥാനാര്‍ഥികളുടെ പട്ടികയും എഎപി പുറത്തുവിട്ടു.

?ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറി നടത്തിയത് 831 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ജി.എസ്.ടി. വകുപ്പ് ഡല്‍ഹി ബുദ്ദ് വിഹാറിലെ ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഫാക്ടറിയിലെ യന്ത്രങ്ങളും ഉത്പന്നങ്ങളും ജി.എസ്.ടി. വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ ഫാക്ടറി ഉടമയെ ജി.എസ്.ടി. നിയമപ്രകാരം അറസ്റ്റ് ചെയ്തു.

?ഇന്ത്യയില്‍ ഇന്നലെ 16,678 കോവിഡ് രോഗികള്‍. മരണം 215. ഇതോടെ ആകെ മരണം 1,49,686 ആയി, ഇതുവരെ 1,03,41,291 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99.46 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.42 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 3,282 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 424 പേര്‍ക്കും പശ്ചിമബംഗാളില്‍ 896 പേര്‍ക്കും കര്‍ണാടകയില്‍ 810 പേര്‍ക്കും ആന്ധ്രയില്‍ 232 പേര്‍ക്കും തമിഴ്‌നാട്ടില്‍ 867 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 4,74,761 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,64,637 പേര്‍ക്കും ഇംഗ്ലണ്ടില്‍ 54,990 പേര്‍ക്കും റഷ്യയില്‍ 24,150 പേര്‍ക്കും രോഗം ബാധിച്ചു. 7,305 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,362 പേരും റഷ്യയില്‍ 504 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.54 കോടി കോവിഡ് രോഗികളും 18.50 ലക്ഷം മരണവും സ്ഥിരീകരിച്ചു.

?റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് നേതാവ് മിച്ച് മക് കോണലിന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സ്പീക്കറുമായ നാന്‍സി പെലോസിയുടെയും വീടുകള്‍ക്കു നേരെ ആക്രമണം. വീടുകളുടെ ചുവരുകളില്‍ എഴുതുകയും പെയിന്റ് ഒഴിക്കുകയും ചെയ്തിട്ടുണ്ട്. നാന്‍സി പെലോസിയുടെ വീടിനുമുന്നില്‍ പന്നിയുടെ തല നിക്ഷേപിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍.

?ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് കൊവിഡ്. തായ്‌ലന്‍ഡ് ഓപ്പണിന് തിരിക്കുംമുന്‍പ് വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

?ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പരിശോധനയില്‍ മൂന്ന് ഹൃദയധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ശനിയാഴ്ച ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ഗാംഗുലിയുടെ അവസ്ഥ വിലയിരുത്തിയ ശേഷമാകും മറ്റൊരു ആന്‍ജിയോപ്ലാസ്റ്റി വേണമോ എന്ന കാര്യം തീരുമാനിക്കുകയെന്നും ആശുപത്രി വക്താവ് അറിയിച്ചു.

?ഐ.എസ്.എല്ലിലെ ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.

?ഐ.എസ്.എല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം.

?തുടര്‍ച്ചയായ മൂന്നാം മാസവും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ സജീവമായി തുടരുന്നു. ഡിസംബര്‍ മാസം 68,558 കോടി രൂപ ഇന്ത്യന്‍ വിപണികളില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചു. ഇക്വിറ്റികളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിക്ഷേപം പരിധി നവംബറില്‍ എഫ്പിഐകള്‍ നടത്തിയ 60,358 കോടി രൂപയുടെ നിക്ഷേപമാണ്. ഡിപോസിറ്ററികളുടെ കണക്കനുസരിച്ച്, 2020 ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 62,016 കോടി രൂപ ഇക്വിറ്റികളിലേക്കും 6,542 കോടി രൂപ ഡെറ്റ് വിപണിയിലേക്കും നിക്ഷേപിച്ചു. പോയ മാസത്തെ മൊത്തം നിക്ഷേപം 68,558 കോടി രൂപയാണ്.

?ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂല്യം എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്ച എന്‍ എസ് ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം. മാര്‍ച്ചില്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 79 ശതമാനം റാലി നേടി ബജാജ് ഓഹരികള്‍ 11 ശതമാനം നേട്ടം കൈവരിച്ചു. ഇതാണ് ഈ വന്‍ നേട്ടത്തിലേക്ക് ഉയരാന്‍ കമ്പനിയെ സഹായിച്ചത്. ബജാജ് ഓട്ടോയുടെ നിലവിലെ എം-ക്യാപ് ഹീറോ മോട്ടോകോര്‍പ്പിനേക്കാള്‍ 63 ശതമാനം കൂടുതലാണ്, ഐഷര്‍ മോട്ടോഴ്സിനേക്കാള്‍ 43 ശതമാനവും കൂടുതലാണ്.

?നയന്‍താരയുടെ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. നയന്‍താര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാന്‍വി കപൂര്‍ വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുക. 45 ദിവസത്തെ ഷൂട്ടിംഗിനായി ജാന്‍വി പഞ്ചാബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. ബോളിവുഡില്‍ സിദ്ധാര്‍ത്ഥ സെന്‍ ഗുപ്ത ആണ് ചിത്രം ഒരുക്കുന്നത്.

?മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന് ‘ദ പ്രീസ്റ്റ്’ ഉടന്‍ എത്തും. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ടാണ് പ്രഖ്യാപനം. ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ദ പ്രീസ്റ്റ് ജോഫിന്‍ ടി. ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. വളരെ സസ്പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. നിഖില വിമല്‍, ശ്രീനാഥ് ഭാസി, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

?രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുക്കിയ ടിയുവി300 മോഡലുകളുടെ പരീക്ഷണയോട്ടം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഫെയ്സ്ലിഫ്റ്റ് ടിയുവി300, ടിയുവി300 പ്ലസ് എസ്യുവികളുടെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. പുതിയ ടിയുവി300 പ്ലസിന് ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും ഹൃദയം. 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് നിലവില്‍ വിപണിയിലുണ്ടായിരുന്ന മോഡലിന്റെ എക്സ്ഷോറൂം വില.

?ഈ പുസ്തകം താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കുവാന്‍ ഓഷോ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഓരോ ദിവസത്തേയും ഭാഗങ്ങള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ മനസ്സ് ദിവസേനയുള്ള മറ്റു പ്രവൃത്തികളില്‍ വ്യാപ്യതമാകുന്നറ്റിനു മുമ്പ് വായിക്കുക അവയെക്കുറിച്ച് ധ്യാനിക്കുക. ‘ഒഷോ ധ്യാനോത്സവം പ്രദോഷ മാനങ്ങള്‍’. സൈലന്‍സ് ബുക്സ്. വില 261 രൂപ.

?ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരോട് നിര്‍ബന്ധമായും വ്യായാമം പതിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ഒന്നുണ്ട്, വ്യായാമത്തിന്റെ സമയം. കാരണം, വ്യായാമത്തിന്റെ സമയവും ഉറക്കവും തമ്മില്‍ ചില ബന്ധങ്ങളുള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് രാവിലെയോ, അതുപോലെ ഉറങ്ങുന്നതിന് അല്‍പം മുമ്പായോ എക്‌സര്‍സൈസ് ചെയ്യുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചയ്ക്ക് ശേഷം, എന്നാല്‍ ഒരുപാട് വൈകാതെ തന്നെ വ്യായാമം ചെയ്ത് തീര്‍ക്കുന്നതാണത്രേ നല്ല ഉറക്കത്തിന് ഉത്തമം. അതായത്, വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്റെ താപനില ഉയരുന്നുണ്ട്. പിന്നീട് ഇത് പതിയെ താഴ്ന്നുവരാനുള്ള സമയവും ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഉറങ്ങാനുള്ള സമയമാകുമ്പോഴേക്ക് ശരീരം വിശ്രമിക്കാന്‍ തയ്യാറായി വരുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. വ്യായാമം രാവിലെ നേരത്തേ കഴിച്ചുവയ്ക്കുന്നവരില്‍ ശാരീരികമായ ഗുണങ്ങള്‍ കാണുമെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ അത്ര സ്വാധീനം ചെലുത്താനാകില്ലത്രേ. അതുപോലെ ഒരുപാട് വൈകി വ്യായാമം ചെയ്യുന്നവരിലാണെങ്കില്‍ വ്യായാമത്തിന്റെ ക്ഷീണത്തില്‍ മയങ്ങുന്നതും അത്ര നല്ലതല്ലെന്നാണ് വിദഗ്ധാഭിപ്രായം. അതേസമയം രാവിലെ വ്യായാമം പതിവാക്കിയവരാണെങ്കില്‍, അവര്‍ ഉറക്ക പ്രശ്‌നവും നേരിടുന്നുണ്ടെങ്കില്‍ കിടക്കാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പായി ‘ലൈറ്റ്’ ആയ വ്യായാമമുറകള്‍ പരിശീലിക്കുകയും ആവാം. ദിവസത്തിലേതെങ്കിലും സമയത്ത് വ്യായാമം തീര്‍ത്തുവയ്ക്കാമെന്ന് കരുതുന്നവരും നിരവധിയാണ്. എന്നാല്‍ ഈ ശീലവും അത്ര നല്ലതല്ല. ബയോളജിക്കല്‍ ക്ലോക്ക്, അഥവാ ശരീത്തിന്റെ പതിവിന് അനുസരിച്ച് വ്യായാമവും ക്രമീകരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കില്‍ മാത്രമാണ് ഇതിന്റെ മുഴുവന്‍ ഗുണങ്ങളും ലഭിക്കുകയുള്ളൂവെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ശുഭദിനം
കവിത കണ്ണന്‍
ഒരിക്കലൊരു മാലാഖയ്ക്ക് മനുഷ്യരെ പരിചയപ്പെടണമെന്നു തോന്നി. ആദ്യം കണ്ട മനുഷ്യനെ പരിചയപ്പെട്ടപ്പോള്‍ ഒരു സമ്മാനം നല്‍കാമെന്ന ആഗ്രഹത്തില്‍ ഒരു കല്ല് അവന് സ്വര്‍ണ്ണമാക്കി നല്‍കി. ‘`ഒരു കല്ലുകൂടി സ്വര്‍ണ്ണമാക്കി നല്‍കാമോ?’ മനുഷ്യന്‍ ചോദിച്ചു. മാലാഖ ഒന്നും മിണ്ടാതെ അവിടെ നിന്നും യാത്രയായി. മറ്റൊരു മനുഷ്യനെ പരിചയപ്പെട്ടപ്പോഴും മാലാഖ അയാള്‍ക്കും ഒരു കല്ല് സ്വര്‍ണ്ണമാക്കി സമ്മാനമായി നല്‍കി. അയാളും ഒരു കാര്യം മാലാഖയോട് ആവശ്യപ്പെട്ടു. ഒരു വലിയ കല്ല് മല കാണിച്ചിട്ടു അത് മുഴുവന്‍ സ്വര്‍ണ്ണമാക്കി തരാമോ എന്ന് ചോദിച്ചു. മാലാഖ അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് കണ്ട മനുഷ്യന് ഒരു കല്ല് സ്വര്‍ണ്ണമാക്കി കൊടുത്തപ്പോള്‍ അയാള്‍ ഒന്നും തന്നെ മിണ്ടിയില്ല. അത്യാഗ്രഹമില്ലാത്ത ഒരു മനുഷ്യനെയെങ്കിലും ഞാന്‍ കണ്ടെത്തി. മാലാഖ വിചാരിച്ചു. ആ സന്തോഷത്തില്‍ ഒരു കല്ലുകൂടി സ്വര്‍ണ്ണമാക്കി നല്‍കി. അപ്പോള്‍ അയാള്‍ ചോദിച്ചു: എനിക്ക് ഈ കല്ല് സ്വര്‍ണ്ണമാക്കുന്ന വിദ്യ പഠിപ്പിച്ചു തരാമോ എന്ന്… പുറത്ത് നിന്ന് ലഭിക്കുന്ന നേട്ടങ്ങളിലാണ് ജീവിതത്തിന്റെ ഉള്ളടക്കമെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് സമൃദ്ധിയില്‍ ഒരിക്കലും സമാധാനം കിട്ടുകയില്ല. മനസ്സ് എന്തിലെങ്കിലും തൃപ്തമാകണം. എവിടെയെങ്കിലും സ്വസ്ഥമാകണം. ഒന്നിലും ഒരു താളം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ സ്വന്തമായ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. വരം സമ്പാദിക്കുന്നവര്‍ക്കു പങ്ക് വെയ്ക്കാനുള്ള വകതിരിവു കൂടി ഉണ്ടാകുമ്പോഴാണ് പ്രഗത്ഭ്യം പ്രയോജനകരമാകുന്നത്. ഒരു നിമിഷത്തെ അത്ഭുതം കൊണ്ട് ജീവിതം മാറാന്‍ കാത്തിരിക്കാതെ സ്വന്തം സാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം

Leave a Reply

Your email address will not be published. Required fields are marked *