?കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിംഘുവിലെ സമരഭൂമിയില്‍ കര്‍ഷകനേതാക്കള്‍ ഇന്ന് നിരാഹാരം അനുഷ്ഠിക്കും. സംസ്ഥാന-ജില്ലാഭരണ സിരാകേന്ദ്രങ്ങള്‍ കര്‍ഷകസംഘടനകള്‍ ഇന്ന് ഉപരോധിക്കും. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതല്‍ കര്‍ഷകര്‍ സിംഘുവിലേക്കെത്തി. പഞ്ചാബില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
?കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരഭൂമിയില്‍ നിരാഹാരം സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും രാജ്യത്തെ മുഴുവന്‍ ആളുകളും ഏകദിന നിരാഹാര സമരത്തില്‍ അണിചേരണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.
?സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവര്‍ക്കാണ് കര്‍ഷകരില്‍ നക്സലുകളെ കാണാന്‍ സാധിക്കുകയെന്ന് സമാജ് വാദി പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഡിഎന്‍എയിലും അതുണ്ടെന്നും സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നു. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
?ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു.
?കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്‌ഡേ തുക്‌ഡേ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
?തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഇന്ന് നാല് വടക്കന്‍ ജില്ലകള്‍ വിധിയെഴുതും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി വോട്ടെടുപ്പ് നടക്കുന്നത്. 16 ന് വോട്ടെണ്ണല്‍.
?മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ പോകുന്നതെന്നും ചെന്നിത്തല.
?സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാര്‍ശം കുറ്റവാളിയുടെ ദീനരോദനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേന്ദ്ര ഏജന്‍സികളല്ല സംസ്ഥാന ഏജന്‍സികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
?സംസ്ഥാനത്ത് ഇന്നലെ 46,375 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74
?കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര്‍ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന്‍ (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന്‍ (75), പഴമള്ളൂര്‍ സ്വദേശി അബ്ദുറഹിമാന്‍ (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര്‍ സ്വദേശി ചന്ദ്രന്‍ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണന്‍ നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന്‍ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന്‍ (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന്‍ (69), മേലൂര്‍ സ്വദേശി എം. സദാനന്ദന്‍ (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80)
?സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 436 ഹോട്ട് സ്പോട്ടുകള്‍.
?ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അറുപതുകാരനായ നഡ്ഡയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
?കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.
?കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് ലോക്ഡൗണ്‍ സമയത്ത് വന്‍തോതില്‍ വിദേശ ഫണ്ട് എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫ് ഷെരീഫിലൂടെയാണ് സംഘടനയ്ക്ക് പണം എത്തുന്നതെന്നും ഇത് സംശയകരമാണെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റൗഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
?ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പി. നേതാക്കള്‍ വസതിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറകള്‍ തകര്‍ത്തതായി ഡല്‍ഹി സി.എം.ഒ. ഓഫീസ്.
?കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും വസതികള്‍ക്ക് പുറത്ത് പ്രതിഷേധത്തിനൊരുങ്ങിയ നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്‌ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താന്‍ ആം ആദ്മി നേതാക്കള്‍ പദ്ധതിയിട്ടിരുന്നു.
?ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പാക് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പിടിയിലായി. ഇന്നലെ വൈകുന്നേരം മുഗള്‍ റോഡിലെ പോഷാന പ്രദേശത്താണ് സംഭവം.
?ഇന്ത്യയില്‍ ഇന്നലെ 27,336 കോവിഡ് രോഗികള്‍. മരണം 338. ഇതോടെ ആകെ മരണം 1,43,293 ആയി, ഇതുവരെ 98.84 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 93.87 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.51 ലക്ഷം രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 3,717 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,984 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,580 പേര്‍ക്കും കര്‍ണാടകയില്‍ 1,196 പേര്‍ക്കും ആന്ധ്രയില്‍ 506 പേര്‍ക്കും തമിഴ്നാട്ടില്‍ 1,195 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ ഇന്നലെ 5,05,893 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,62,048 പേര്‍ക്കും ബ്രസീലില്‍ 21,395 പേര്‍ക്കും തുര്‍ക്കിയില്‍ 26,919 പേര്‍ക്കും റഷ്യയില്‍ 28,080 പേര്‍ക്കും രോഗം ബാധിച്ചു. 7,439 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,305 പേരും മെക്സികോയില്‍ 693 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.25 കോടി കോവിഡ് രോഗികളും 16.18 ലക്ഷം മരണവും സ്ഥിരീകരിച്ചു.
?നൈജീരിയന്‍ സ്‌കൂളില്‍ ആയുധധാരികളുടെ ആക്രമണത്തിന് ശേഷം നാനൂറോളം വിദ്യാര്‍ത്ഥികളെ കാണാതായി. ആക്രമണ സമയത്ത് മൊത്തം 600ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200ഓളം പേര്‍ രക്ഷപ്പെട്ടു.ബാക്കിയുള്ളവരെയാണ് കാണാതായത്.
?അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ കവര്‍ച്ച. റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും കവര്‍ച്ച ചെയ്യപ്പെട്ടതായി ഇറ്റലിയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ചെന്നൈയിന്‍ എഫ്.സി. ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയിറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്ത്. ഡിമാസ് ഡെല്‍ഗാഡോ, നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി കെ.പി.രാഹുല്‍,ജോര്‍ദാന്‍ മറെ എന്നിവര്‍ ഗോള്‍ നേടി.
?മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം നല്‍കി 1000 കോടി രൂപ സ്വരൂപിക്കും. കടപ്പത്രത്തിന്റെ മുഖവില 1000 രൂപയാണ്. 2021 ജനുവരി അഞ്ചിന് ക്ലോസ് ചെയ്യും. അടിസ്ഥാന ഇഷ്യു വലുപ്പം 100 കോടി രൂപയാണെങ്കിലും 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ കടപ്പത്രത്തിന് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ഡബിള്‍ എ പോസിറ്റീവ് റേറ്റിംഗും ഇക്ര ഡബിള്‍ എ സ്റ്റേബിള്‍ റേറ്റിംഗും നല്‍കിയിട്ടുണ്ട്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്.
?ഇന്ത്യയിലെ എല്ലാ സാധാരണക്കാരനും താങ്ങാനാവുന്ന വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തില്‍ റിലയന്‍സ് ജിയോ. വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന മാറ്റമാകുമിത്. ടുജി ഉപഭോക്താക്കള്‍ക്ക് അനായാസം 4ജിയിലേക്ക് മാറാം. മൊബൈല്‍ ഫോണ്‍ സെഗ്മെന്റില്‍ മാത്രമല്ല കണക്ടഡ് ഡിവൈസസിന്റെ കാര്യത്തിലും മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി.
?ചാര്‍ലി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് നടന്‍ പൃഥ്വിരാജ് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് കുറിച്ചിരിക്കുന്നത്. ഷാഹി കബീറാണ് നായാട്ടിന്റെ രചന. അനില്‍ നെടുമങ്ങാട്, യമ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്.
?നടന്‍ മണികണ്ഠന്‍ ആചാരി അഭിനയിക്കുന്ന തമിഴ് വെബ് സീരിസ് ‘ട്രിപ്പിള്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുന്ന സീരിസ് കാണണമെന്നും അഭിപ്രായം അറിയിക്കണമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജയ്, സമ്പത്ത്, വിവേക് പ്രസന്ന, രാജ്കുമാര്‍, വാണി ഭോജന്‍, മാധുരി തുടങ്ങിയവര്‍ സീരിസില്‍ അഭിനയിക്കുന്നു. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന സീരിസ് സ്റ്റോണ്‍ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മ്മിക്കുന്നത്.
?
?ചലചിത്രം സ്വതമുദ്രകളുടെ പാഠപുസ്തകമാണ് . അത് നിവര്‍ത്തി നോക്കിയാല്‍ അറിയാം ഒരോ കാലത്തും ദേശത്തും സിനിമയെ പാകപ്പെടുത്തിയത്. ‘കാഴ്ചയുടെ പ്രതിരോധം’. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. ഫിംഗര്‍ ബുക്സ്. വില 80 രൂപ.
?സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം. ചെറുപ്പക്കാരിലാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുതലായി കണ്ട് വരുന്നത്. ഇവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അര്‍ക്കന്‍സാസ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. ബ്രയാന്‍ പ്രിമാക് പറഞ്ഞു. വിഷാദ രോഗം പിടികൂടുന്നതിനൊപ്പം ഏകാഗ്രത കുറയുന്നതിനും സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കാരണമാകുമെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഉറക്കമില്ലായ്മയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയതായി ഡോ. ബ്രയാന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 നും 30 നും ഇടയില്‍ പ്രായമുള്ള ആയിരത്തിലധികം യുവാക്കളില്‍ പഠനം നടത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ചെലവഴിച്ച ചെറുപ്പക്കാര്‍ക്ക് ആറു മാസത്തിനുള്ളില്‍ തന്നെ വിഷാദ രോഗം പിടിപെടാന്‍ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സമയം ചെലവഴിക്കുന്നത് കാരണം വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് ലഭിക്കുന്ന സമയം കുറയുന്നെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ശുഭദിനം
കവിത കണ്ണന്‍
ആ സ്ഥാപനത്തില്‍ എല്ലാ മാസവും ഭാഗ്യക്കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനുശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയില്‍ നിക്ഷേപിക്കും. അതില്‍ നിന്നാണ് നറുക്കെടുക്കുക. കുറി വീഴുന്നയാള്‍ക്ക് മുപ്പതിനായിരം രൂപ ലഭിക്കുകയും ചെയ്യും. ഇത്തവണ ഒരു ചെറുപ്പക്കാരന് തന്റെ പേരെഴുതാന്‍ തോന്നിയില്ല. ഓഫീസില്‍ തൂപ്പ്‌ജോലി ചെയ്യുന്ന സത്രീയുടെ മകന്റെ ചികിത്സയ്ക്ക് പണം അത്യാവശ്യമാണെന്ന് അവര്‍ക്കറിയാം. യുവാവ് ആ സ്ത്രീയുടെ പേരെഴുതിയിട്ടു. നറുക്കെടുത്തപ്പോള്‍ ആ നറുക്ക് അവര്‍ക്ക് തന്നെ കിട്ടി. അവര്‍ നിറഞ്ഞകണ്ണുകളോടെ പണം ഏറ്റുവാങ്ങി. എല്ലാവരും പോയിക്കഴിഞ്ഞ് ആ പെട്ടിയിലെ പേരുകള്‍ നോക്കിയപ്പോള്‍ എല്ലാവരും എഴുതിയിട്ടിരിക്കുന്നത് അവരുടെ പേരുകള്‍തന്നെ. ഒന്ന് ഓര്‍ത്തുനോക്കൂ…. ആളുകള്‍ ഒരുമിച്ചാല്‍ എന്ത് അത്ഭുതങ്ങളാണ് സംഭവിക്കുക അല്ലേ.. ആര്‍ക്കും ആരെയും പൂര്‍ണ്ണമായി സംരക്ഷിക്കുവാനോ സഹായിക്കുവാനോ സാധിക്കില്ല. പക്ഷേ, സംരക്ഷണവഴികള്‍ക്ക് തുടക്കം കുറിക്കാന്‍ എല്ലാവര്‍ക്കും കഴിയും. ഒരാള്‍ തുടങ്ങിവെയ്ക്കുന്ന നല്ലപ്രവൃത്തികള്‍ അയാള്‍പോലുമറിയാതെ ചില തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കും. എത്രപേരുടെ പിന്തുണകിട്ടുമെന്നതല്ല ഒരു നല്ലകാര്യം ചെയ്തുതുടങ്ങുന്നതിനുള്ള മാനദണ്ഡം, എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ ഭംഗിയായി ചെയ്യുക എന്നത് മാത്രമാണ്. വിലയകാര്യങ്ങള്‍ ചെയ്യാനായി കാത്തിരുന്നാല്‍ ഒരിക്കലും ഒന്നും ചെയ്യേണ്ടിവരില്ല. ചെറിയ തുടക്കങ്ങളാണ് വലിയ മാറ്റങ്ങുടെ ആദ്യപടി. ചെറുതെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ഒരുമിക്കുമ്പോള്‍ അളന്നെടുക്കാന്‍ സാധിക്കാത്ത വലുപ്പത്തില്‍ ചില അത്ഭുതങ്ങള്‍ സംഭവിക്കും. മറ്റൊരാളുടെ ജീവിതത്തില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ സന്തോഷാനുഭവങ്ങള്‍ നിറയ്ക്കാന്‍ കഴിയുന്നതില്‍ പരം പുണ്യമെന്താണുള്ളത്. നമുക്കും ചെറിയകാര്യങ്ങളുടെ നല്ല തുടക്കങ്ങള്‍ ആരംഭിക്കാം… മറ്റുള്ളവരില്‍ ചലനമുണ്ടാക്കുന്ന ആ വലിയ സന്തോഷത്തിനായി കാത്തുകൊണ്ട് – ശുഭദിനം