?ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് മറ്റ് രാജ്യങ്ങള്‍ വിളിക്കുന്ന ഒരു ദിവസം ഉടന്‍ വരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ജനാധിപത്യ ആഘോഷത്തെ പ്രശംസിച്ച പ്രധാനമന്ത്രി, അത് പവിത്രമാണെന്നും നൂറ്റാണ്ടുകളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ജീവിതരീതിയാണ് ജനാധിപത്യമെന്നും പറഞ്ഞു.
?പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്ന മനസോടെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മണ്ഡിയുടെ വിലങ്ങുകളില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അവരുടെ ഉത്പന്നം മണ്ഡിക്ക് പുറത്ത് എവിടെയും ആര്‍ക്കും എന്ത് വിലയ്ക്കും വില്‍ക്കാന്‍ കഴിയും. അക്കാര്യങ്ങളെല്ലാം കര്‍ഷക സംഘടനകളോട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഉറപ്പുകള്‍ എഴുതി നല്‍കി. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെന്നും കൃഷി മന്ത്രി.
?കര്‍ഷകര്‍ അന്ത്യശാസനം നല്‍കിയ ഡിസംബര്‍ 10 നകം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ രാജവ്യാപകമായി തീവണ്ടികള്‍ തടയാന്‍ തയ്യാറെടുക്കുന്നു. സംയുക്ത കിസാന്‍ മഞ്ച് തീവണ്ടി തടയലിന്റെ സമയം നിശ്ചയിച്ചശേഷം പ്രഖ്യാപനം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍.
?അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണിതെന്നും സുര്‍ജേവാല.
?ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യ വാപകമായ പണിമുടക്ക് ഇന്ന്. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം.
?താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തൃപ്തികരമായ മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ സംബന്ധിച്ച് വളരെ ഗുരുതരമായ ചില അഴിമതി ആരോപണങ്ങളാണ് താന്‍ മുന്നോട്ടുവെച്ചതെന്നും പക്ഷെ സ്പീക്കറുടെ മറുപടി കേട്ടപ്പോള്‍ അതൊരു വിടവാങ്ങല്‍ പ്രസംഗം പോലെയാണ് തോന്നിയതെന്നും ചെന്നിത്തല.
?മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ ഹൈ ലെവല്‍ ഐടി ടീമിനെ നിയമിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ വിശദമായി പരിശോധിച്ച് ഹൈക്കോടതി. ഹൈലെവല്‍ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നതില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിശദമായ വസ്തുതാവിവരറിപ്പോര്‍ട്ട് തയ്യാറാക്കി. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
?തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങില്‍ 76.38 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. കോട്ടയം-73.91%, എറണാകുളം-77.13%, തൃശൂര്‍ -75.03%, പാലക്കാട്-77.97%, വയനാട്- 79.46% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കൊച്ചി, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 62.01%, 63.77% പോളിങ്ങും രേഖപ്പെടുത്തി.
?ധനമന്ത്രി തോമസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. സംസ്ഥാന ബജറ്റിന് മുന്‍പുളള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായി നടത്തും. സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായി ബജറ്റിലൂടെ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.
?കേരളത്തില്‍ ഇന്നലെ 52,769 സാമ്പിളുകളാണ് പരിശോധിച്ചതില്‍ 4,470 പേര്‍ക്ക് കോവിഡ്-19. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2533 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,847 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍കോട് 110.
?കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന്‍ പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള്‍ സ്വദേശി ശശിധരന്‍ നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്‌കരന്‍ (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന്‍ (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര്‍ സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന്‍ (82), ഒലവക്കോട് സ്വദേശി ഹരിദാസന്‍ (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്ണന്‍ (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76).
?സംസ്ഥാനത്ത് ഇന്നലെ പുതിയ 2 ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകള്‍.
?കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയകൊലക്കേസിലെ വിചാരണ നടപടികള്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ ഡിസംബര്‍ 22ന് കോടതി വിധി പറയും. അഭയ കൊല്ലപ്പെട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോഴാണ് കേസില്‍ വിധി പറയാനൊരുങ്ങുന്നത്.
?സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ ജനുസ്സില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി മറ്റുള്ളവരിലേക്കു പകരാതെ തടയാനായെന്ന് മന്ത്രി കെ.കെ. ശൈലജ. മലമ്പനി ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സൈനികനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനി കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.
?കൃഷിചെയ്യുന്ന ഭൂമിയുടെ നികുതിച്ചീട്ട് ഹാജരാക്കാത്തതിന്റെ പേരില്‍ ഇനി ഒരു പാട്ടക്കര്‍ഷകന്റെയും വിള ഇന്‍ഷുറന്‍സ് അപേക്ഷ കൃഷി വകുപ്പധികൃതര്‍ നിരസിക്കില്ല. നികുതിച്ചീട്ടിന് പകരമായി കര്‍ഷകര്‍ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുമായുള്ള പാട്ട ഉടമ്പടിയില്‍ കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കൃഷി ഡയറക്ടര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി.
?നിയമസഭയിലേക്ക് 2021ല്‍ നടക്കാനുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
?ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ് മുത്തങ്ങയില്‍നിന്ന് എക്‌സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) ആബിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
?ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ‘ബിജെപി ഗുണ്ടകള്‍’ ആക്രമിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ദുഃഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ടാഗ് ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
?ഹരിയാനയിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14 മുതലും ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 21 മുതലും ക്ലാസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ 72 മണിക്കൂറിനുള്ളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും അറിയിപ്പ്.
?അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്നും വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നാല്‍ ഓണ്‍ലൈനായി നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ എണ്ണം കൂട്ടുമെന്നും വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷം നഷ്ടമാകാത്ത രീതിയില്‍ പരീക്ഷകളെല്ലാം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?മുംബൈ നഗരത്തില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യുടെ ലഹരിമരുന്ന് വേട്ട തുടരുന്നു. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാംബെയെ കൊക്കേയ്നുമായി എന്‍.സി.ബി. വ്യാഴാഴ്ച പിടികൂടി.
?സീരിയല്‍ നടി ചിത്ര കാമരാജിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ്. മരണത്തില്‍ ദുരൂഹതകളില്ലെന്നും സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും പോലീസ്. ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേമന്ദിനെതിരേ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
?രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. സൗത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. അക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
?ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ബംഗാളിലുണ്ടായ അക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണറോടും മന്ത്രി ആവശ്യപ്പെട്ടു.
?ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹം പശ്ചിമ ബംഗാളില്‍വച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടുമെന്നും മമതാ ബാനര്‍ജി.
?അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തി. എന്‍കാസ് ടി.വി.യിലെ മാധ്യമ പ്രവര്‍ത്തകയും അവതാരകയുമായ മലാല മെയ് വാന്ദും ഇവരുടെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന മലാല മെയ് വാന്ദ് അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ്.
?ഫെയ്‌സ്ബുക്കിനെതിരെ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മിഷനും വിവിധ യു.എസ്. സ്റ്റേറ്റുകളും നല്‍കിയ കേസിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന് അതിന്റെ പ്രധാന സഹസ്ഥാപനങ്ങളായ വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വില്‍ക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ചെറുകിട കമ്പനികളെ ഒഴിവാക്കുന്നതിനും മുഖ്യ എതിരാളികളെ കീഴടക്കുന്നതിനും ‘വാങ്ങുക അല്ലെങ്കില്‍ നശിപ്പിക്കുക’ എന്ന നയമാണ് സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്‌സ്ബുക്ക് സ്വീകരിച്ചിരുന്നത് എന്നാരോപിച്ചാണ് കേസ്.
?ഇന്ത്യയില്‍ ഇന്നലെ 29,338 കോവിഡ് രോഗികള്‍. മരണം 411. ഇതോടെ ആകെ മരണം 1,42,222 ആയി, ഇതുവരെ 97.96 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 92.90 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.62 ലക്ഷം രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 3824 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,575 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,801 പേര്‍ക്കും കര്‍ണാടകയില്‍ 1238 പേര്‍ക്കും ആന്ധ്രയില്‍ 538 പേര്‍ക്കും തമിഴ്നാട്ടില്‍ 1,220 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് കോടി കടന്നു. മരണം 16 ലക്ഷത്തിലേക്ക്്. ഇന്നലെ മാത്രം 6,47,438 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,93,746 പേര്‍ക്കും ബ്രസീലില്‍ 53,425 പേര്‍ക്കും തുര്‍ക്കിയില്‍ 30,424 പേര്‍ക്കും റഷ്യയില്‍ 27,927 പേര്‍ക്കും ജര്‍മനിയില്‍ 28,179 പേര്‍ക്കും ഇംഗ്ലണ്ടില്‍ 20,964 പേര്‍ക്കും രോഗം ബാധിച്ചു. 12,358 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,776 പേരും ഇറ്റലിയില്‍ 887 പേരും ബ്രസീലില്‍ 769 പേരും മെക്സികോയില്‍ 781 പേരും ജര്‍മനിയില്‍ 529 പേരും ഇംഗ്ലണ്ടില്‍ 516 പേരും റഷ്യയില്‍ 562 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.06 കോടി കോവിഡ് രോഗികളും 15.87 ലക്ഷം മരണവും സ്ഥിരീകരിച്ചു.
?ഐ.സി.സി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ രണ്ട് അര്‍ധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. പരിക്ക് കാരണം ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മയാണ് 842 പോയന്റുമായി രണ്ടാം സ്ഥാനത്ത്.
?ഐ.എസ്.എല്ലില്‍ ഈസ്റ്റ് ബംഗാള്‍ – ജംഷേദ്പുര്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പു കാര്‍ഡ് കണ്ട മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 75 മിനിറ്റിലേറെ 10 പേരുമായി കളിച്ച ഈസ്റ്റ് ബംഗാളിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ജംഷേദ്പുരിന് സാധിച്ചില്ല.
?2021 ല്‍ അതിവേഗം വളരുന്ന ഏഷ്യന്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് നോമുറ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉത്പാദനമായ (ജിഡിപി) 2021 ല്‍ 9.9 ശതമാനമായി വളരുമെന്നും ചൈനയുടെ ജിഡിപി 2021ല്‍ 9 ശതമാനവും സിംഗപ്പൂരിന്റെ വളര്‍ച്ച 7.5 ശതമാനവുമായിരിക്കുമെന്ന് വിദേശ ഗവേഷണ-ബ്രോക്കറേജ് സ്ഥാപനമായ നോമുറ വ്യക്തമാക്കി. രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും നോമുറ പറഞ്ഞു. ആഗോള വളര്‍ച്ച 2020 ലെ 3.7 ശതമാനത്തില്‍ നിന്ന് 2021 ല്‍ 5.6 ശതമാനമായി ഉയരുമെന്നും നോമുറ പ്രതീക്ഷിക്കുന്നു.
?ബംഗളൂരു ആസ്ഥാനമായ ഐടി കമ്പനിയായ വിപ്രോ ജനുവരി 1 മുതല്‍ ജൂനിയര്‍ വിഭാഗത്തിലെ യോഗ്യതയുള്ള ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. ഈ വിഭാഗത്തില്‍ പെടുന്ന 1.8 ലക്ഷം ജീവനക്കാരില്‍ 80% പേര്‍ക്കും ശമ്പള വര്‍ദ്ധനവ് ബാധകമാകും. മിഡ് ലെവല്‍ ജീവനക്കാരിലെ യോഗ്യതയുള്ള എല്ലാ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ ശമ്പള വര്‍ദ്ധനവ് ലഭിക്കും. ഓഫ്ഷോര്‍ ജീവനക്കാര്‍ക്ക് 6% മുതല്‍ 8% വരെയും ഓണ്‍സൈറ്റ് ജീവനക്കാര്‍ക്ക് 3% മുതല്‍ 4% വരെയുമായിരിക്കും ശമ്പള വര്‍ദ്ധനവ്. മഹാമാരി കാരണം കമ്പനി ശമ്പള വര്‍ദ്ധനവ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
?സില്‍ക്ക് സ്മിതയുടെ ബയോപിക്കില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി അനസൂയ ഭരദ്വാജ്. ‘അവള്‍ അപ്പടിതാന്‍’ എന്ന് പേരിട്ട ചിത്രത്തില്‍ അനസൂയ സില്‍ക്ക് സ്മിതയായി വേഷമിടുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. ”സില്‍ക്ക് സ്മിതയായി ഞാന്‍ ഒരു ബയോപിക്കിലും അഭിനയിക്കുന്നില്ല, നന്ദി” എന്നാണ് അനസൂയയുടെ പോസ്റ്റ്.
?നടി ഷക്കീലയുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘ഷക്കീല’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. തൊണ്ണൂറുകളെ ചൂടുപിടിപ്പിച്ച ഷക്കീലയുടെ സിനിമാ അരങ്ങേറ്റവും, താരത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തിയേറ്ററുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുന്നതും, ‘ഡൗണ്‍ ഡൗണ്‍ ഷക്കീല’, ‘കേരളത്തെ ഷക്കീലയില്‍ നിന്നും രക്ഷിക്കുക’ എന്ന മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങുന്നതും നടിയുടെ കോലം കത്തിക്കുന്നതുമെല്ലാം ടീസറില്‍ കാണാം. സ്വീകരണം ഏറ്റുവാങ്ങുന്ന ഷക്കീലയെ ഓടിക്കുന്നതും, കിന്നാരത്തുമ്പികള്‍ എന്ന പോസ്റ്റര്‍ വെച്ച തിയേറ്ററില്‍ നിന്നും ഷക്കീല ഇറങ്ങി ഓടുന്നതുമാണ് ടീസറിന്റെ ഹൈലൈറ്റ്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക.
?ആഗോള വിപണിയിലെ മുന്‍നിര പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം 2021 മോഡല്‍ ഇയര്‍ ഡ്യൂക്ക് 125 നെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 1,50,010 രൂപയാണ് ദില്ലി എക്സ്. ഷോറൂം വില. കാലികമായ പല മാറ്റങ്ങളുമായാണ് 2021 മോഡല്‍ ഡ്യൂക്ക് 125 എത്തുന്നത്. രൂപമാറ്റം വരുത്തിയ ഫ്യുവല്‍ ടാങ്കിന്റെ ശേഷി ഇപ്പോള്‍ 13.5 ലിറ്ററായി മാറിയിട്ടുണ്ട്.