സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പ് വഴി പണം തട്ടിവരുന്ന സംഘത്തെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കാമൻ സ്വദേശികളായ സുഖ്ദേവ് സിങ് (26), നഹർസിങ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലിസ് അറസ്റ്റുചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ യുവാവിൻ്റെ പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസിൻ്റെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികൾ കോളേജ് വിദ്യാർഥിനി അങ്കിത ശർമ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിൽനിന്ന് പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചർ വഴി നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ചിത്രങ്ങൾ കരസ്ഥമാക്കിയശേഷം പൊലീസിൽ പരാതി നൽകുമെന്നും മറ്റുള്ളവർക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി മൊബൈൽ മണി വാലറ്റുകൾ വഴി 10,000 ഓളം രൂപ കരസ്ഥമാക്കിയെന്നായിരുന്നു പരാതി.

പ്രതികളുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇ-വാലറ്റ് വിലാസങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ പോലീസ് കേസിൽ അന്വേഷണം നടത്തിയത്. രാജസ്ഥാനിലെ ഭരത്പുർ മേഖലയിലാണ് പ്രതികളുടെ താവളമെന്നും ഇവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെ അന്വേഷണസംഘം രാജസ്ഥാനിലെത്തി ജിയോ മാപ്പിങ് ഉൾപ്പെടെ ഉപയോഗിച്ച് രാജസ്ഥാൻ പോലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

ഡിവൈഎസ്പി ടി ശ്യാംലാലിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ ആർ റോജ്, സബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, എഎസ്ഐ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *