ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും. ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നവംബർ 29ന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബർ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം.

ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഡെസിഗ്‌നേറ്റ്ഡ് ഹെൽത്ത് ഓഫീസർമാർ നവംബർ 29ന് തയ്യാറാക്കണം. തുടർന്ന് ഡിസംബർ ഏഴുവരെ തിയതികളിൽ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനിൽ ഉള്ളവരുടെയും ലിസ്റ്റും തയ്യാറാക്കണം. അത്തരത്തിലുള്ള ഒൻപത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവർക്ക് ലഭിക്കുന്ന സർട്ടിഫൈഡ് ലിസ്റ്റുകൾ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതേ ദിവസംതന്നെ അറിയിച്ചിരിക്കണം. ഇത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളിൽ കഴിയുന്ന സ്‌പെഷ്യൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ അതാത് ദിവസം ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്‌പെഷ്യൽ വോട്ടറുൾപ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതാത് ദിവസം തന്നെ നൽകണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് മുഖേനയോ ആൾവശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുൻപ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നൽകണം.

ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ രണ്ട് മുതൽ ഡിസംബർ ഒൻപതിന് വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം. ഡിസംബർ 14ന് തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ അഞ്ചിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ ആറ് മുതൽ 13 വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം.

Leave a Reply

Your email address will not be published. Required fields are marked *