മുക്കം: ലോക്ക്ഡൗണിന്റെ മറവിൽ രാത്രിയിൽ ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ അഷാദ്(21), പൊയിലിൽ അജ്മൽ(18) എന്നിവരാണ് പിടിയിലായത്.

നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ടു വശത്താക്കിയാണ് പ്രതികൾ കൃത്യം നടത്താൻ ശ്രമം നടത്തിയത്. ലോക്ക്ഡൌൺ സമയത്ത് രാത്രികാലങ്ങളിൽ പെൺകുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ പ്രതികൾ റോഡ്സൈഡിൽ നിർത്തിയിട്ട ബൈക്ക് നാട്ടുകാർ കണ്ടെത്തിയിരുന്നു.

ഈ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ മുക്കം പൊലീസിന് സഹായകമായത്.

നാടാകെ ബ്ലാക്ക്മാൻ ഭീതി പടർത്തുന്നത് ഇത്തരക്കാരാണെന്നും അതിന്റെ മറവിൽ അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഇത്തരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും മുക്കം പോലീസ് അറിയിച്ചു.

പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ്പ് വീഡിയോ കോൺഫെറെൻസിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊറോണ ഭീതിമൂലം ലോക്ക്ഡൗൺ ആയതിനാൽ സാമൂഹികാകലം പാലിച്ചു നേരിട്ട് കോടതിയിൽ ഹാജരാക്കാൻ പ്രയാസമുള്ളതിനാലാണ് നൂതന സാങ്കേതികവിദ്യയായ വീഡിയോ കോൺഫെറെൻസിങ് വഴി പ്രതികളെ റിമാൻഡ് ചെയ്തത്.

മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ് ഐ വി.കെ.റസാഖ്, എഎസ്ഐമാരായ സലീം മുട്ടത്ത്, സാജു, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സ്വപ്ന എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കടപ്പാട് Rt Media

Leave a Reply

Your email address will not be published. Required fields are marked *