മുക്കം നഗരസഭയിലെ 18 ആം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറ കൂടാരത്തിന്റെ പേരിൽ വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി.
വോട്ടഭ്യർഥിക്കാനായി വാർഡ് കമ്മറ്റി തയാറാക്കിയ പോസ്റ്ററിൽ മുദ്രാവാക്യവും മത – രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകളും കൃത്രിമമായി ചേർത്താണ് വ്യാപകമായി പ്രചരിപ്പിച്ചത്. കേരളത്തിലെ മതമൈത്രി തകർക്കുന്നതിനും കലാപങ്ങൾക്ക് കോപ്പുകൂട്ടുന്നതിനുമാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യൻ ശിക്ഷ നിയമം, ഐടി ആക്റ്റ് എന്നിവ പ്രകാരം പരമാവധി ശിക്ഷ നൽകണമെന്നും സാറ കൂടാരം മുക്കം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോട് ജില്ലാ പോലീസ് കമ്മീഷണർ, കോഴിക്കോട് ജില്ലാ കലക്ടർ, കേരള ഇലക്ഷൻ കമ്മീഷണർ ,കേരള മുഖ്യമന്ത്രി, ഡി.ജി.പി , റിട്ടേണിംഗ് ഓഫീസർ , മുക്കം പോലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.വെൽഫെയർ പാർട്ടി ജില്ലാ ഇലക്ഷൻ കൺവീനർ സാലിഹ് കൊടപ്പന, തിരുവമ്പാടി മണ്ഡലം നേതാക്കൾ എന്നിവരോടൊപ്പമാണ് സാറ കൂടാരം പരാതി നൽകാൻ മുക്കം പോലീസ് സ്റ്റേഷനിലെത്തിയത്.
തെരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന പരാജയ ഭീതി മൂലമാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും പൊതുജനം ഇവ തള്ളിക്കളയണമെന്നും വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഗഫൂർ മാസ്റ്റർ , യു.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഭാരവാഹികളായ ചാലക്കൽ മജീദ് , കെ.പി. അഹമ്മദ് കുട്ടി എന്നിവർ ആവശ്യപ്പെട്ടു.