തിരൂർ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരുതൂര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. സമസ്ത മുശാവറ മെമ്പറായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു റഹ്മാന്‍,ശരീഫ,റാബിഅ റൈഹാനത്ത്, ഉമ്മു ഹബീബ, ഹന്നത്, പരേതനായ അബ്ദുല്‍ ഹക്കീം.
1946 ല്‍ ആണ് മര്‍ക്കാര്‍ ഫൈസിയുടെ ജനനം. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലും വലിയകുളങ്ങര പള്ളിയിലുമായി സ്വന്തം പിതാവില്‍ നിന്ന് പത്ത് വര്‍ഷത്തെ ദര്‍സ് പഠനം. കെ കെ അബൂബക്കര്‍ ഹസ്‌റത്ത് അടക്കമുള്ള പണ്ഡിതരില്‍ നിന്ന് അറിവ് നുകര്‍ന്നു. 1967ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തി. വിഖ്യാത പണ്ഡിതരായ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി.
ജാമിഅയിലെ പഠന ശേഷം കരിങ്ങനാട് മുദരിസായി ജോലിയേറ്റു.മൂന്ന് വര്‍ഷത്തെ സേവന ശേഷം ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടക്കല്‍ പാലപ്പുറയിലേക്ക് മാറി.എഴുപതോളം കുട്ടികള്‍ അന്ന് അവിടെ പഠനം നടത്തിയിരുന്നു. ഒന്‍പത് വര്‍ഷം അവിടെ തുടര്‍ന്നു. ശേഷം ചെമ്മന്‍കടവ്,വള്ളിക്കാഞ്ഞിരം,കൈനിക്കര,കാരത്തൂര്‍ ബദ്രിയ്യ,അയ്യായ,പൊന്മുണ്ടം എന്നിവിടങ്ങളിലും ദര്‍സ് നടത്തി.പിന്നീട് 22 വര്‍ഷം വാണിയന്നൂര്‍ മുദരിസായി സേവനം ചെയ്തു. അതിനു ശേഷം താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ അധ്യാപകനായി.
അര നൂറ്റാണ്ട് കാലം ദര്‍സ് മേഖലയില്‍ സജീവമായിരുന്ന മരക്കാര്‍ ഫൈസി സമസ്തയുടെ തിരൂര്‍ താലൂക്ക് പ്രസിഡണ്ടുമായിരുന്നു. ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുനാഥനാണ്.