മുക്കം: കഴിഞ്ഞ ദിവസം മലയോര മേഖലയിലുണ്ടായ കാറ്റിലും മഴയിലും വ്യാപകമായി വാഴകൃഷി നശിച്ചു. മുക്കം നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലുമായി നിരവധി കർഷകരുടെ കൃഷിയാണ് നശിച്ചത്.
കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്വദേശി ഇ.പി ബാബുവിന്റെ നൂറിലേറെ വാഴകളും ഷുക്കൂർ മുട്ടത്തിന്റെ 150 വാഴകളും മണാശേരിയിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത അടുക്കത്തിൽ മുഹമ്മദ് ഹാജിയുടെ 300 ഓളം വാഴകളുമാണ് നശിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുഭൂമിയിൽ കൃഷി ചെയ്ത ബാബുവിന്റെ വാഴകൃഷിയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഒടിഞ്ഞു വീണത്. 40 ദിവസം കൂടി കഴിഞ്ഞാൽ കുല വെട്ടാൻ പാകമാവുമായിരുന്നു. ഒരു കുലയ്ക്ക് 500 രൂപയോളം വില ലഭിക്കാൻ സാധ്യതയുള്ള വാഴക്കുലകളാണ് നശിച്ചു പോയതെന്നും ഇതോടെ തനിക്ക് വൻ നഷ്ടമാണ് ഉണ്ടായതെന്നും കർഷകനായ ഇ.പി ബാബു പറഞ്ഞു.കർഷകനായ കിഴക്കേടത്ത് ഷാനവാസിന്റെയും കൃഷിയും നശിച്ചിട്ടുണ്ട്.
മുക്കം അനാഥശാലയുടെ ആയിരത്തോളം റബർ മരങ്ങളാണ് കാറ്റിൽ നിലംപതിച്ചത്. മുക്കം കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്.