രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതായും അടുത്ത മാസം നാല് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഈ പ്രചാരണം നവംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും വിവാഹം നിശ്ചയിച്ച പല കുടുംബങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയുള്ള നിയമം നവംബര്‍ നാല് മുതല്‍ രാജ്യത്ത് നിലവില്‍ വരും. കേന്ദ്ര നിയമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഡല്‍ഹിയില്‍ ചേര്‍ന്ന നിയമ മന്ത്രാലയത്തിന്റെ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വ്യക്തമാക്കിയതാണിത്. വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ മാസം 29ന് വരാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം. 

Click here for more details ?

യാഥാര്‍ഥ്യം: ഇത്തരമൊരു നിയമം തയ്യാറായതായും അടുത്ത മാസം നിലവില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല, മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര നിയമ മന്ത്രിയല്ല. മറിച്ച്, ന്യൂനപക്ഷക്ഷേമ മന്ത്രിയാണ്. രവിശങ്കര്‍ പ്രസാദ് ആണ് കേന്ദ്ര നിയമ മന്ത്രി.രാജ്യത്ത് നിയമം പ്രാബല്യത്തിലാകണമെങ്കില്‍ പാര്‍ലിമെന്റില്‍ ഇതുസംബന്ധമായി ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും വേണം. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനമാണ് ഈയടുത്ത് സമാപിച്ചത്. പ്രസ്തുത സമ്മേളനത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചിട്ടില്ല. മാത്രമല്ല, പാര്‍ലിമെന്റ് ചേരും വരെ കാത്തിരിക്കാതെ അടിയന്തര സ്വഭാവത്തില്‍ സര്‍ക്കാര്‍ ഇറക്കുന്ന ഓര്‍ഡിനന്‍സും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

അതേസമയം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ ബില്‍ വരുമോയെന്നതും വ്യക്തമല്ല. എന്നാല്‍, പ്രസ്താവനക്കപ്പുറം ഇക്കാര്യത്തില്‍ കൃത്യമായ സമയക്രമം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍. യാഥാര്‍ഥ്യം ഇതായിരിക്കെയാണ് കുടുംബങ്ങളില്‍ ആധി പടര്‍ത്തുന്ന വ്യാജ പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *