കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഇന്ന് നടത്തിയിരിക്കുന്നത്.
കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളും കുടുംബം ഉയർത്തി. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയാണ് ഇപ്പോള്‍.
അർജുന്റെ പേരില്‍ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും താന്‍ നടത്തിയിട്ടില്ലെന്നാണ് വണ്‍ഇന്ത്യ മലയാളത്തോട് മനാഫ് വ്യക്തമാക്കിയത്. ‘ഒരു പരിപാടിയില്‍ ആയിരുന്നതിനാല്‍ അർജുന്റെ കുടുംബം എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയില്ല. ഫണ്ട് പിരിവ് എന്ന കാര്യം പറഞ്ഞതായി ആരോ പറഞ്ഞു. അങ്ങനെ ഒരു പിരിവും ഇല്ല. അത്തരം ഒരു ആരോപണം തെളിയിക്കുകയാണെങ്കില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. പിന്നെ അർജുന് വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ച് മറ്റാർക്കുമില്ലെങ്കിലും എനിക്ക് നല്ല ബോധ്യം ഉണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
മുക്കത്തെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പറയുകയും ചെയ്തു. ഞാന്‍ ഒരു പിരിവും നടത്തിയും സ്വന്തം സ്വത്തും മുതലും വിറ്റിട്ടാണ് ഈ വിഷയത്തില്‍ നില്‍ക്കുന്നത്. ഫണ്ട് പിരിവ് നടത്തിയതായി തെളിയിക്കുകയാണെങ്കില്‍ മാനാഞ്ചിറ സ്ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും ഞാന്‍. ആളുകള്‍ എന്നെ കല്ലെറിഞ്ഞ് കൊല്ലട്ടെയെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
താന്‍ പിആർ വർക്ക് നടത്തുന്നുവെന്ന അർജുന്റെ കുടുംബത്തിന്റെ ആരോപണവും മനാഫ് നിഷേധിച്ചു. ഞാന്‍ ഒരു പിആർ വർക്കും നടത്തുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ മാധ്യമങ്ങളാണ് എന്റെ പിആർ വർക്കിന്റെ ആളുകള്‍. ഞാന്‍ ഒരു കാര്യം ഏറ്റെടുത്ത്, അത് പൂർത്തിയാക്കി. അതോടെ എല്ലാം കഴിഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നേരിട്ട കുറേ പ്രശ്നങ്ങളും കുറ്റങ്ങളുമുണ്ട്. അതിന്റെ പേരിലാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അല്ലാതെ ഒരു പിആർ വർക്കുമില്ല.
അർജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന സമയത്ത് ഷിരൂരില്‍ ഞാന്‍ തനിച്ചായിരുന്നു. ആ സമയത്ത് എന്റെ ഒരു മനഃസമാധാനത്തിന് വേണ്ടി ഞാന്‍ ചെയ്തതാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയതില്‍ എന്താണ് തെറ്റ്. അത് ഇപ്പോള്‍ അത്ര ആക്ടീവ് ഒന്നും ഇല്ല. ഈ വിഷയം നിരന്തരം ജനങ്ങളില്‍ എത്തണം എന്നുള്ളതുകൊണ്ട് കൂടിയാണ് അത്തരമൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറയുന്നു.
അർജുന്റെ ബോഡി എടുക്കുന്നതിന് മുന്നേയാണ് ഈ കാര്യങ്ങളൊക്കെ പറയുന്നതെങ്കില്‍ നന്നായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എനിക്ക് ഇങ്ങ് പോരാമായിരുന്നു. എന്തായിരുന്നു അവർ നേരം വൈകിയതെന്നാണ് ആലോചിക്കുന്നത്. അവരെ ഇതുവരെ എന്റെ കുടുംബമായിട്ടാണ് ഞാന്‍ കണ്ടത്, ഇനിയും അങ്ങനെയെ കാണുകയുള്ളു. ആ കുടുംബം മൊത്തം തള്ളിപ്പറഞ്ഞാലും എനിക്ക് ഒരു പരാതിയും ഇല്ല. ഞാന്‍ അവരെ കുടുംബമായി തന്നെ കാണും.
അർജുന്റെ കുടുംബം വേണ്ടെന്ന് പറഞ്ഞാലും ആ പേര് ഞാന്‍ എന്റെ ലോറിക്ക് ഇടും. അർജുന്‍ എന്ന് പറയുന്ന പേര് രജിസ്റ്റർ ചെയ്ത പേര് ഒന്നും അല്ലാലോ. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ ലോറിക്ക് അർജുന്‍ എന്ന പേരിടും. അർജുന്റെ കുടുംബം വിളിച്ചപ്പോഴൊക്കെ ഞാന്‍ ഫോണ്‍ എടുത്തിട്ടുണ്ട്. എന്താണ് ഇപ്പോള്‍ ഇവർ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്ക് അറിയില്ലെന്നും മനാഫ് പറയുന്നു.