കോഴിക്കോട്: സംസ്‌ഥാനത്ത് എം.ഡി.എം.എ. വാങ്ങുകയും വില്‍ക്കുകയും ചെയ്ുന്നതു പോലീസിലെ ഒരു സംഘമാണെന്നു പി.വി.അന്‍വര്‍ എം.എല്‍.എ. പ്രമുഖര്‍ ഉള്‍പ്പെടുന്ന നെക്‌സസിന്റെ ചരടുവലിയില്‍ ഒരു കേസും തെളിയില്ലെന്നും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വര്‍ പറഞ്ഞു.
എസ്. സുജിത്‌ദാസിനെ പോലുള്ള പോലീസ് ഉന്നതര്‍ ചെറിയ അളവില്‍ എം.ഡി.എം.എ. പിടികൂടിയെന്നുകാട്ടി പ്രതികളെ പിടികൂടുകയാണ്. ഏറ്റവും കൂടുതല്‍ എം.ഡി.എം.എയും സ്വര്‍ണവും പിടികൂടിയെന്ന് ക്രെഡിറ്റ് നേടുകയാണ് അവരുടെ ലക്ഷ്യം. എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല. ആ ക്രിമിനലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിപ്പിടിക്കുകയാണ്. മാമി കേസ്, പാനൂരിലെ ആഷിര്‍ കേസ് ഉള്‍പ്പെടെയുള്ളവയില്‍ അനേ്വഷണം ശരിയായ ദിശയിലല്ല. പോലീസിങ്ങിന്റെ ഭാഗമായി ഇടതുപക്ഷത്തെയും പാര്‍ട്ടിയെയും ജനം വെറുത്തു കഴിഞ്ഞു. സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥരെ ഷണ്ഡീകരിച്ചിരിക്കുകയാണ്. ക്രിമിനലുകളായ ഒരു ചെറിയവിഭാഗമാണ് പോലീസിനെ സമൂഹത്തിന്റെ കണ്ണില്‍ വെറുക്കപ്പെട്ട വിഭാഗമാക്കി മാറ്റിയതെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നു പറയുന്നതിലൂടെ മതസൗഹാര്‍ദത്തിന്റെ കടയ്‌ക്കല്‍കത്തിവച്ച് ഒരു സമൂഹത്തെ അപരവത്‌കരിക്കാനാണു മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത്. ഇതെല്ലാം പറയുന്ന ഞാനാണ് തെറ്റുകാരനെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെയുള്ളത്. അതില്‍ പ്രശ്‌നമില്ലെന്നും പോരാട്ടം തുടരുമെന്നും അന്‍വര്‍ വ്യക്‌തമാക്കി.