താമരശ്ശേരി:താമരശേരി ചുരത്തില്‍ ലോറി ഡ്രൈവർക്ക് മർദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ചുരത്തിന് മുകളില്‍ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്നും മടങ്ങിയ ഇവർ വ്യൂ പോയിന്‍റില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും കാർ യാത്രികർ ലോറി തടയുകയും ചെയ്തു.
ലോറി ഡ്രൈവർ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് യുവാക്കള്‍ കാറിന്‍റെയും ലോറിയുടെയും മുകളില്‍ കയറിയാണ് ആക്രമണം നടത്തിയത്. മർദനത്തില്‍ ലോറി ഡ്രൈവറുടെ മുഖത്തും ശരീരത്തും പരിക്കുണ്ട്.
മറ്റൊരു വാഹനത്തിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് ഇരുകൂട്ടരെയും തിരിച്ചറിഞ്ഞത്. ഇവരെ താമരശേരി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. യുവാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ലോറി ഡ്രൈവറുടെ തീരുമാനം.