താമരശേരി: താമരശേരി രൂപതാംഗം ഫാ. ജോസഫ് കാപ്പില്‍ (80) അന്തരിച്ചു.ഈരുട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ഭൗതികദേഹം അന്തിമോപചാരങ്ങള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് 1.30-വരെ ഈരുട് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകുന്നേരം 5.30 വരെ താമരശേരി മേരീ മാതാ കത്തീഡ്രല്‍ പള്ളിയില്‍ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

വൈകുന്നേരം നാലിന്കത്തീഡ്രല്‍ പള്ളിയില്‍ വി. കുർബ്ബാന ഉണ്ടായിരിക്കും. തുടർന്ന് ഭൗതികദേഹം തലശേരി അതി രൂപതയിലെ തേർത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരൻ ജോസ് കാപ്പിലിന്‍റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദർശനത്തിന് വെക്കും. സംസ്ക‌ാര ശുശ്രൂഷകള്‍ നാളെ രാവിലെ പത്തിന് ഭവനത്തില്‍ ആരംഭിച്ച്‌, കോടോ പ്പള്ളി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നടത്തും.

1944 ജൂലൈ 26ന് തൊടുപുഴയ്ക്കടുത്തുള്ള നെടിയശാലയില്‍, കാപ്പില്‍ ദേവസ്യ- അന്ന ദമ്ബതികളുടെ നാലുമക്കളില്‍ രണ്ടാമനായി ജനിച്ച ഫാ. ജോസഫ് കാപ്പില്‍ പിന്നീട് മലബാറിലെ കൂരാച്ചുണ്ടിലേക്ക് കുടിയേറി. പ്രാഥ മിക വിദ്യാഭ്യാസം കൂരാച്ചുണ്ട്. കുളത്തുവയല്‍ സ്‌കൂളുകളില്‍ പൂർത്തിയാക്കിയ ശേഷം തലശേരി രൂപതയുടെ മൈനർ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. വൈദിക പരിശീലനത്തിനൊടുവില്‍ റോമില്‍ 1970 മെയ് 17ന്, പന്തക്കുസ്‌ത തിരുന്നാള്‍ ദിനത്തില്‍ പത്രോസിന്‍റെ ബസിലിക്കയില്‍ പോള്‍ ആറാമൻ മാർപാപ്പായില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും മെയ് 17ന് റോമില്‍ വച്ച്‌ പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്‌തു. വൈദികനായതിനുശേഷം റോമിലെ ഉർബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയിലും ലിറ്റർജിയിലും ലൈസൻഷിയേറ്റ് കരസ്ഥമാക്കി. കൂടാതെ രണ്ടു വർഷക്കാലം ജറുസലേമില്‍ ബൈബിള്‍ ഡിപ്ലോമ കോഴ്‌സും പൂർത്തിയാക്കി.

1971ല്‍ മാനന്തവാടി ഇടവകയില്‍ അസി. വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച കാപ്പിലച്ചൻ 1972 മുതല്‍ 1974 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്‍റെ സെക്രട്ടറിയായി സേവനം ചെയ്തു‌. തുടർന്ന് 1974 മുതല്‍ 1977 വരെ തലശേരി രൂപതയിലെ പെരും പുന്ന ഇടവകയില്‍ വികാരിയായി. തുടർന്ന് ഷീരാടി, നെല്ലിയാടി, നെല്ലിക്കുറ്റി, ചാപ്പൻതോട്ടം, തേക്കും കുറ്റി, താമരശേരി, മരുതോങ്കര, തിരുവമ്ബാടി, പെരിന്തല്‍മണ്ണ, മുക്കം, എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1987ല്‍ താമരശേരി രൂപതയുടെ പ്രൊക്കുറേറ്ററായി സേവനം ചെയ്തു‌. 1993ല്‍ പുല്ലൂരാംപാറ ബഥാനിയാ സെന്‍ററിന്‍റെ ഡയറക്‌ടർ, 1995ല്‍ താമരശേരി രൂപതയുടെ പ്രൊക്കൂറേറ്റർ, 2000ല്‍ കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോം, പിഎംഒസി, മതബോധനം, ബൈബിള്‍ അപ്പസ്‌തോലേറ്റ് എന്നിവയുടെ ഡയറക്‌ടർ, എപ്പാർക്കിയല്‍ കണ്‍സല്‍ട്ടർ, ലിറ്റർജി കമ്മീഷൻ ഡയറക്‌ടർ എന്നീ നിലകളിലും സേവനം ചെയ്‌തു.

2015 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച്‌ ഈരുട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സിസ്റ്റര്‍ മരിയ ജെമ്മ യുഎംഐ (പരിയാരം), പരേതയായ ചിന്നമ്മ താമരക്കാട്ട് (കല്ലാനോട്), ജോസ് കാപ്പില്‍ (തേർത്തല്ലി, കോടോപ്പള്ളി) എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *