ബംഗളൂരു: 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള ശ്രമം ഇന്ന് തുടരും.
മൃതദേഹ ഭാഗം ഇപ്പോള്‍ കാർവാർ ആശുപത്രിയിലാണ് ഉള്ളത്. എല്ലിന്റെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്‌എസ്‌എല്‍ ലാബിലേക്ക് അയക്കും. ഡിഎൻഎ സാമ്ബിള്‍ ക്രോസ് മാച്ച്‌ ചെയ്ത് പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളില്‍ മൃതദേഹ ഭാഗങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. സംസ്കാര ചടങ്ങുകള്‍ക്കായി ഇത് കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനുള്ള ചെലവുകളെല്ലാം സംസ്ഥാന സർക്കാർ വഹിക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം മന്ത്രി എ കെ ശശീന്ദ്രൻ കർവാർ എംഎല്‍എയെ അടക്കം അറിയിച്ചിട്ടുണ്ട്.

ലോറി ഇപ്പോഴും പകുതി വെള്ളത്തിലായി കിടക്കുകയാണ്. ലോറി പൂർണ രൂപത്തില്‍ തന്നെയാണ് ഉള്ളതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ക്യാബിനുള്ളില്‍ നിന്ന് കൂടുതല്‍ മൃതദേഹ ഭാഗം കിട്ടുമോയെന്നുള്ള കാര്യം ഇന്ന് പരിശോധിക്കും. അർജുന്റെ എന്തെങ്കിലും സാധനങ്ങള്‍ ക്യാബിനുള്ളില്‍ ഉണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. 48 ടണ്‍ ഭാരം താങ്ങുന്ന ക്രെയിൻ എത്തിച്ചിട്ടും ലോറി മുകളിലേക്ക് ഉയർത്താൻ സാധിച്ചിട്ടില്ല. വടം കെട്ടി വലിക്കുമ്ബോള്‍ രണ്ട് തവണയാണ് ഇന്നലെ പൊട്ടിപ്പോയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *