താമരശ്ശേരി:കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാരുടെ ക്രൂരത. ഹൈഡ്രോളിക് ഡോറിനിടയില്‍പെട്ട് പരിക്കേറ്റ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു.
കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ഗായത്രി എന്ന ബസില്‍ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥിനി സ്ഥിരം പോകുന്ന ബസാണിത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ബസെടുത്ത സമയത്ത് ഡോറടച്ചപ്പോഴാണ് വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിനിടയില്‍ കുടുങ്ങിയത്.
എന്നാല്‍ വിദ്യാർത്ഥിനി കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്തി, രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് പരാതി. പിന്നീട് വിദ്യാർത്ഥിനി കരഞ്ഞതിനെ തുടർന്ന് രണ്ട് സ്റ്റോപ്പ് അപ്പുറത്ത്, വിജനമായ സ്ഥലത്ത് കുട്ടിയെ ഇവർ ഇറക്കിവിടുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേസെടുക്കാനോ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു.