മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് സ്ഥിരീകരിച്ചത് എം പോക്സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോർട്ട്.
വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്.
യുഎഇയില്‍ നിന്ന് വന്ന 38 വയസുകാരനായ ഒതായി ചാത്തല്ലൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ത്യയില്‍ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. ഇതിന്റെ മറ്റൊരു ‘താവഴി’ ആണ് എംപോക്‌സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ദുബായില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തി.
രണ്ട് വകഭേദങ്ങളാണ് എംപോക്‌സ് വൈറസിനുള്ളത്. ക്ലേഡ് 1 ഉം ക്ലേഡ് 2 ഉം. പിന്നെ അവയ്ക്ക് ഉപവകഭേദങ്ങളുമുണ്ട്. 2022ല്‍ ലോകത്താകമാനം പടര്‍ന്നത് ഇപ്പറഞ്ഞതില്‍ ക്ലേഡ് 2B വകഭേദമാണ്. യൂറോപ്പിലടക്കം രോഗം പടര്‍ന്നതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
116 രാജ്യങ്ങളില്‍ നിന്നായി 1,00,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2023ഓടെ രോഗം നിയന്ത്രണ വിധേയമായി. എന്നാലിപ്പോള്‍ പടരുന്നത് ക്ലേഡ് വണ്‍ ബി വകഭേദമാണ്.
മുന്‍പത്തേക്കാള്‍ വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് ക്ലേഡ് വണ്‍ബിക്ക് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച കോംഗോയില്‍ അതിവേഗമാണ് രോഗവ്യാപനം.