കോഴിക്കോട്ട്: ദേവഗിരി സെന്‍റ് ജോസഫ് കോളജ് (ഓട്ടോണോമസ്) സുവോളജി വിഭാഗത്തിലെ അസി. പ്രഫസര്‍ ഡോ. അരുണാക്ഷരന്‍ നാരായണന്‍കുട്ടി പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും എല്‍സെവിയറും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞരുടെ റാങ്കിംഗില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇത് തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് ഡോ. നാരായണന്‍കുട്ടി ഈ ആഗോളപട്ടികയില്‍ ഉള്‍പ്പെടുന്നത് .
2024- ലെ എല്‍സെവിയര്‍ ബിവി-സ്റ്റാന്‍ഫേര്‍ഡ് ലിസ്റ്റില്‍ ലോകമെമ്ബാടുമുള്ള 2,23,152 ശാസ്ത്രജ്ഞരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,348 പേര്‍ ഇന്ത്യയില്‍ നിന്നാണ്. ലോക റാങ്കിംഗില്‍ 62,691-ാം സ്ഥാനവും ടോക്സിക്കോളജി മേഖലയില്‍ 65,055 ശാസ്ത്രജ്ഞരില്‍ 221-ാം സ്ഥാനവും ഡോ. നാരായണന്‍കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ വിവിധ തരം കാന്‍സറുകളുടെയും നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളുടെയും പ്രതിരോധത്തിനുള്ള മരുന്നുകളുടെ ഗവേഷണത്തിലൂടെ ഡോ. നാരായണന്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. തെങ്ങ്, കരിമ്ബന തുടങ്ങിയവയില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും പരമ്ബരാഗത സസ്യങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിവരുന്നുണ്ട്.
എഴുപത്തിയെട്ടോളം അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളുള്ള ഡോ. നാരായണന്‍കുട്ടി നാല്‍പതിലധികം അന്താരാഷ്ട്ര ജേണലുകളുടെ അവലോകനസംഘത്തില്‍ അംഗമാണ്. മോളിക്യൂള്‍സ്, കറന്‍റ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സയന്‍സ് തുടങ്ങിയ ജേണലുകളുടെ ഉപദേശക സമിതി അംഗമായും ഗസ്റ്റ് എഡിറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
ഇന്‍സെക്ടസ് ജേണലിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.