കോഴിക്കോട്: റേഷൻ വിതരണത്തിന് പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്യാനുള്ള നിർദ്ദേശം റേഷൻ വ്യാപാരികളെ കുരുക്കിലാക്കുന്നു.
റേഷൻ കടകളില്‍ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. എന്നാല്‍ റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഇ-പോസ് മെഷീനിന്റെ മെല്ലെപ്പോക്ക് കാരണം റേഷൻ വിതരണം വൈകുകയാണ്. ഇതിനൊപ്പം മസ്റ്ററിംഗ് കൂടി വരുമ്ബോള്‍ റേഷൻ വിതരണം പൂർണമായും തടസപ്പെടും. മാത്രമല്ല അക്ഷയകേന്ദ്രങ്ങളില്‍ 30 രൂപ ഈടാക്കുന്ന സേവനമാണ് റേഷൻ വ്യാപാരികള്‍ സൗജന്യമായി ചെയ്ത് കൊടുക്കേണ്ടത്. മസ്റ്ററിംഗ് റേഷൻ വ്യാപാരികളുടെ മാത്രം ഉത്തരവാദിത്വമാണെന്ന നിലയില്‍ ഉദ്യോഗസ്ഥർ വ്യാപാരികളോട് പെരുമാറുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന മസ്റ്ററിംഗ് ജില്ലയില്‍ ഒക്ടോബർ മൂന്ന് മുതല്‍ എട്ട് വരെയാണ് നടക്കുക.
പൊല്ലാപ്പാക്കുമോ ഇ-പോസ്
റേഷൻ കാർഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ഇ- പോസ് മെഷീൻ മുഖാന്തിരമാണ് ആധാർ അപ്‌ഡേഷൻ നടത്തേണ്ടത്. അംഗങ്ങള്‍ ആധാറുമായി നേരിട്ടെത്തി ഇ- പോസ് മെഷീനില്‍ വിരലുകള്‍ പതിപ്പിക്കണം. എന്നാല്‍ കഴിഞ്ഞ തവണ മസ്റ്ററിംഗിനായി ആളുകള്‍ കൂട്ടത്തോടെ മസ്റ്ററിംഗിന് എത്തിയതോടെ സെർവർ പലതവണ തകരാറിലായി. മസ്റ്ററിംഗ് പൂർത്തിയാക്കാനാവാതെ പലരും മടങ്ങി. ഇത്തവണയും ഇത് തന്നെ നടക്കുമോ എന്നാണ് ഉപഭോക്താക്കളുടെ ആശങ്ക
മറ്റ്‌ആവശ്യങ്ങള്‍
- തിരക്ക് ഒഴിവാക്കാൻ സ്‌കൂള്‍, അങ്കണവാടി തുടങ്ങിയ സ്ഥലങ്ങളില്‍ വാർഡ് അടിസ്ഥാനത്തില്‍ മസ്റ്ററിംഗ്ക്യാമ്ബുകള്‍ സംഘടിപ്പിക്കുക.
- കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ വഴി മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കുക.
- മുതിർന്ന പൗരന്മാർക്കും ശാരീരികമായി അവശതകള്‍ അനുഭവിക്കുന്നവർക്കും അക്ഷയ , മറ്റ് ഓണ്‍ലൈൻ കേന്ദ്രങ്ങളിലൂടെയും മസ്റ്ററിംഗ് നടത്താനുള്ള അനുമതി നല്‍കുക
മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 1371060 ഗുണഭോക്താക്കള്‍
ജില്ലയില്‍ ആദ്യഘട്ടത്തില്‍ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 356493 റേഷൻ കാർഡുകളിലായി 1371060 ഗുണഭോക്താക്കള്‍. അന്ത്യോദയ അന്നയോജന (എ.എ.വൈ – മഞ്ഞ) കാർഡുകളില്‍ 126410 ഗുണഭോക്താക്കളും പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച് – പിങ്ക്) കാർഡുകളിലായി 1244650 പേരുമുണ്ട്. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
എല്ലാ ഭാരങ്ങളും റേഷൻ വ്യാപാരികളുടെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു”- ടി മുഹമ്മദാലി,സംസ്ഥാന ജനറല്‍ സെക്രട്ടറി,
ആള്‍ കേരളാ റീട്ടേയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ