കൊ: സംഘർഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണ് മരിച്ചത്.
ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മകളെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച്‌ അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേർപ്പെട്ടു. ഇത് ചോദ്യംചെയ്യാൻ അരുണ്‍കുമാർ സുഹൃത്തുക്കള്‍ക്കൊപ്പം ഇരവിപുരം ഇരട്ടക്കടവിലെത്തി. അവിടെവെച്ച്‌ പ്രസാദും അരുണ്‍കുമാറും തമ്മില്‍ തർക്കമുണ്ടായി.

അരുണ്‍കുമാർ പെണ്‍കുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലേക്ക് എത്തി. ഇരുവരും സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ പ്രസാദും ഇവിടെയെത്തി. ഇവിടെവെച്ച്‌ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ പ്രസാദ് അരുണ്‍കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെവെച്ച്‌ എട്ടുമണിയോടെ മരിക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ് പ്രസാദ് പോലീസില്‍ കീഴടങ്ങിയത്.

അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് മൊഴി നല്‍കി. സൗഹൃദം അവസാനിപ്പിക്കാൻ അരുണ്‍കുമാർ തയ്യാറായില്ല. വെള്ളിയാഴ്ച വൈകീട്ടും സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്ന് താൻ ആവശ്യപ്പെട്ടു. ഇത് സംഘർഷത്തിലേക്ക് പോവുകയും അരുണ്‍കുമാർ തന്നെ ആക്രമിക്കുകയും ചെയ്തെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.

വിദേശത്ത് ജോലിചെയ്തുവരുന്ന അരുണ്‍കുമാർ ഒരുമാസം മുമ്ബാണ് നാട്ടിലെത്തിയത്. അരുണ്‍കുമാറിന്റെ മാതാവ് വിദേശത്താണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *