കോഴിക്കോട്: തൃശൂര്‍ പൂരം തെരഞ്ഞെടുപ്പ് നേട്ടത്തിനായി കലക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുസ് ലിം ലീഗ് നിയമസഭ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ നേരിട്ടുതന്നെ പങ്കുണ്ടെന്ന്, പ്രഖ്യാപിച്ച അന്വേഷണം ആവിയായതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയും സി.പി.എമ്മും കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു. സി.പി.എമ്മിന് സി.പി.ഐയെക്കാള്‍ ഇപ്പോള്‍ ആവശ്യം ബി.ജെ.പിയെയാണ്. ആരോപണ വിധേയനെ ഉപയോഗിച്ച്‌ കേസ് അന്വേഷിക്കുന്ന വിചിത്രകാഴ്ച ലോക നിയമവാഴ്ചക്ക് ലഭിക്കുന്ന പിണറായി മോഡലാണ്.

സംഭവം കഴിഞ്ഞ് ആറുമാസമായ സ്ഥിതിക്ക് ഇനി സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണപ്രഹസനം നടത്തുന്നതില്‍ അർഥമില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തി സംഭവത്തില്‍ വ്യക്തതയും കുറ്റക്കാര്‍ക്ക് ശിക്ഷയും ഉറപ്പാക്കണമെന്നും എം.കെ. മുനീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *