മുഹമ്മദ് അപ്പമണ്ണില്‍
ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി ( സ ).ജീവിതത്തിൻ്റെ നാനാതുറകളിലും അദ്ദേഹം മാതൃകാ പുരുഷനായി ജീവിച്ചു. ജീവിതത്തിൽ യഥാർഥ മോക്ഷം സാധ്യമാവാൻ ആവശ്യമായ കാര്യങ്ങളെല്ലാം അദ്ദേഹം അനുയായികളെ പഠിപ്പിച്ചു. ഒരു തുറന്ന പുസ്തകം പോലെയാണ് ആ ജീവിതം. രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും അനുയായികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിലെവിടെയും കുറവുകൾ കണ്ടെത്താൻ എതിരാളികൾക്ക് പോലും കഴിഞ്ഞിട്ടില്ല. വേദ ഗ്രന്ഥങ്ങളുടെ അവസാനത്തെ പതിപ്പായ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം മാറ്റങ്ങൾക്ക് തിരികൊളുത്തിയത്. ഒരു നല്ല അധ്യാപകൻ, നല്ല നേതാവ്, നല്ല പിതാവ്, നല്ല ഭർത്താവ്,നല്ല കൂട്ടുകാരൻ…….,എന്നീ നിലകളിലെല്ലാം ആ ജീവിതം മഹത്തരമായിരുന്നു. ലോകത്തുള്ള എന്തിനെക്കാളും ഏറെ അനുയായികൾ ആ മഹാനായ പ്രവാചകനെ ഇഷ്ടപ്പെട്ടു. തങ്ങളുടെ ജീവൻ പോലും നൽകി അദ്ദേഹത്തെ സംരക്ഷിക്കാൻ തയ്യാറായി. പ്രവാചകൻ കാണിച്ച വഴി അവർ പൂർണമായി പിൻതുടർന്നു. ദൈവത്തിന് തൃപ്തിപ്പെട്ട അടിമകളായി മാറാൻ അവർക്ക് സാധിക്കുകയും ചെയ്തു. പ്രവാചകനെ ഏറ്റവും അധികം സ്നേഹിക്കുന്നവരായി നമുക്കും മാറാം