കൊച്ചി: ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരേ വിജിലന്‍സ്‌ പ്രാഥമികാന്വേഷണം തുടങ്ങി.
സംസ്‌ഥാന പോലീസ്‌ മേധാവി സര്‍ക്കാരിന്‌ നല്‍കിയ ശിപാര്‍ശപ്രകാരമാണിത്‌. പി.വി. അന്‍വര്‍ ഉന്നയിച്ച സാമ്ബത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ്‌ അന്വേഷണം.
ആരോപണവിഷയങ്ങളില്‍ കഴമ്ബുണ്ടെന്നു കണ്ടാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടും. എന്നാല്‍, എം.ആര്‍. അജിത്‌കുമാറിനെതിരേ അത്തരം നടപടികളിലേക്കു കടക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. വിജിലന്‍സ്‌ കേസെടുത്താല്‍, അതിന്റെ അടിസ്‌ഥാനത്തില്‍ എന്‍ഫോഴ്‌സ്മെന്റ്‌് ഡയറക്‌ടറ്റേ്‌, ആദായനികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കു കേസെടുത്ത്‌ അന്വേഷണം നടത്താനാകും. അതോടെ എം.ആര്‍. അജിത്‌കുമാറിന്റെ സര്‍വീസിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍, വ്യക്‌തമായ തെളിവുണ്ടെങ്കില്‍ മാത്രമാകും വിജിലന്‍സ്‌ കേസെടുക്കുക. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതു വൈകാനാണു സാധ്യത.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമാകും എം.ആര്‍. അജിത്‌കുമാറിനെതിരേയുള്ള നടപടി കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റുന്നതടക്കമുള്ള കാര്യങ്ങളിലും റിപ്പോര്‍ട്ട്‌ നിര്‍ണായകമാകും. വിജിലന്‍സ്‌ അന്വേഷണമടക്കമുള്ള ആരോപണങ്ങളില്‍ എം.ആര്‍. അജിത്‌കുമാറില്‍നിന്നു ഡി.ജി.പി. വിവരങ്ങള്‍ ശേഖരിച്ചു. വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്യുന്നതു ഒഴിവാക്കണമെന്ന അജിത്‌കുമാറിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ്‌ ഡി.ജി.പി. മുമ്ബാകെ എ.ഡി.ജി.പി. ഹാജരായത്‌.
എം.ആര്‍. അജിത്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്ബാദനം, ബന്ധുക്കളുടെപേരില്‍ സ്വത്ത്‌ സമ്ബാദിക്കല്‍, വന്‍തുക നല്‍കി കവടിയാറില്‍ ഭൂമിവാങ്ങല്‍, ഒന്നരക്കോടി രൂപ കൈക്കൂലിവാങ്ങി കേസ്‌ ഒതുക്കി തുടങ്ങിയ ആരോപണങ്ങളാണ്‌ പി.വി. അന്‍വര്‍ ഉയര്‍ത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *