പത്തനംതിട്ട | സൈബര്‍ തട്ടിപ്പുകാര്‍ ആധാര്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയില്‍ നിന്നും 50 ലക്ഷത്തോളം തട്ടിയ കേസില്‍ രണ്ടു സ്ത്രീകളെ കോയിപ്രം പോലീസ് പിടികൂടി.
രാമനാട്ടുകര വില്ലേജില്‍ ഫാറൂഖ് കോളജ് കൊക്കി വളവ് കണക്കയല്‍ താഴം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി പ്രജിത (41), ചെറുകാവ് വില്ലേജില്‍ വൈദ്യരങ്ങാടി ഐക്കരപ്പടി നീലിപ്പറമ്ബില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുവണ്ണൂര്‍ കൊളത്തറ താഴം ചേരില്‍ വീട്ടില്‍ ഷാനൗസി (35) എന്നിവരെയാണ് കോയിപ്രം പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നാണ് ഇവരെ പിടികൂടിയത്.
വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്ബില്‍ വീട്ടില്‍ സാം തോമസിന്റെ ഭാര്യ ശാന്തി സാം (56) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ വര്‍ഷം ജൂണ്‍ 19 മുതല്‍ ജൂലൈ എട്ട് വരെയുള്ള കാലയളവില്‍ ആണ് സൈബര്‍ തട്ടിപ്പിനിരയായി ഇവര്‍ക്ക് 50 ലക്ഷത്തോളം രൂപ നഷ്ടമായത്. വീട്ടമ്മയ്ക്ക് നഷ്ടമായ തുകയില്‍ നിന്നും 10 ലക്ഷം രൂപ കോഴിക്കോട് രാമനാട്ടുകര എസ് ബി ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ച ശേഷം രണ്ടാം പ്രതിയും സുഹൃത്തുമായ ഷാനൗസിക്ക് കൈമാറി. വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ക്രിമിനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഭീഷണിപ്പെടുത്തി, അതിവിദഗ്ധമായാണ് പ്രതികള്‍ ഇത്രയും രൂപ തട്ടിയെടുത്തത്.
ഐ ടി കമ്ബനിയില്‍ ജീവനക്കാരിയായിരുന്ന ശാന്തി സാമിന്റെ ഭര്‍ത്താവ് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തു വരികയാണ്. മകള്‍ ചെന്നൈയിലും ജോലി ചെയ്യുന്നു. ശാന്തി സാമിന്റെ പേരിലുള്ള നാലോളം അക്കൗണ്ടുകളില്‍ നിന്നും ലക്നൗ പോലീസ് ആണെന്നും സി ബി ഐ ആണെന്നും പലതരത്തില്‍ കളവുകള്‍ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഈ കാലയളവില്‍ പല തവണകളായി ഇത്രയും തുക കൈമാറി എടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ജൂണ്‍ 19 ന് രാവിലെ എട്ടിന് ഇവരുടെ ഫോണില്‍ വന്ന ഒരു കോളിലൂടെയാണ് വന്‍ സൈബര്‍ തട്ടിപ്പിന് തുടക്കമാകുന്നത്. ഹിന്ദി അറിയാവുന്ന വീട്ടമ്മയെ ഹിന്ദി ഭാഷയില്‍ സംസാരിച്ച് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ശാന്തിയുടെ ആധാര്‍ വിവരങ്ങള്‍ മനസ്സിലാക്കിയ ചില ക്രിമിനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇവരും പ്രതിയാകാന്‍ സാധ്യതയണ്ടെന്നും തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ സി ബി ഐ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞു തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മയുടെ പേരിലുള്ള മുഴുവന്‍ ബേങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. പിന്നീട് എല്ലാ ദിവസവും ഫോണില്‍ വിളിച്ച് അക്കൗണ്ടുകളില്‍ സംശയകരമായി പണം കാണുന്നുണ്ടെന്നും മറ്റും പറഞ്ഞ് ഭയപ്പെടുത്തി. അക്കൗണ്ടില്‍ ഇപ്പോള്‍ എത്ര രൂപയുണ്ടെന്ന് ചോദിച്ചപ്പോള്‍ 1,35,000 രൂപയുണ്ടെന്ന് അറിയിച്ചു. പിന്നീട് തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ട് നമ്ബറിലേക്ക് ഈ തുക അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഭയന്നുപോയ വീട്ടമ്മ, വെണ്ണിക്കുളം സൗത്ത് ഇന്ത്യന്‍ ബേങ്കിലെ അവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ട് നമ്ബറിലേക്ക് ഈ തുക അയച്ചുകൊടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല അക്കൗണ്ട് നമ്ബറുകള്‍ വാട്സ്‌ആപ്പ് മുഖേന അയച്ചുകൊടുക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. അയച്ചുകൊടുക്കുന്ന തുകകളുടെ ഓഡിറ്റ് നടത്തിയതിന്റേതാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ രസീത് വീട്ടമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഓഡിറ്റ് പൂര്‍ത്തിയാകുന്ന മുറക്ക് മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് തിരിച്ച് ഇട്ടുനല്‍കാമെന്നും വാക്കും കൊടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടമ്മയുടെ വിവിധ ബേങ്ക് അക്കൗണ്ട് നമ്ബറുകളില്‍ നിന്നും പല തിയ്യതികളിലായി പല തുകകള്‍ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ആകെ 49,03,500 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. ഇടയ്ക്ക് രണ്ടുതവണയായി 2,70,000, 1,90,000 എന്നിങ്ങനെ തുകകള്‍ ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടു കൊടുത്ത് വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഈ തുകകളും പിന്നീട് തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച് കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.