കോഴിക്കോട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുൻ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്ബാടി മുൻ എംഎല്‍എയുമായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ജൂലൈയിലാണ് സസ്പെൻ്റ് ചെയ്തത്.
14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്. സാമ്ബത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിയിലേക്ക് നയിച്ചത്.

പോക്സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടില്‍ ശരിവെച്ചത്. എംഎല്‍എ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോർജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നല്‍കിയത്.

ജോർജ്ജ് എം തോമസിനെതിരായി ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ.
പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടില്‍ ബിനാമിയായി ഭൂമിയും റിസോ‍ർട്ടും ബിനാമിയായി വാങ്ങി നല്‍കി.
ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മില്‍ തർക്കമുണ്ടായപ്പോള്‍ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളില്‍ നിന്ന് 25 ലക്ഷം രൂപ എല്‍സി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയില്‍ നിന്ന് ഇത്രയും പണം സ്വീകരിച്ച്‌ ചട്ട വിരുദ്ധം. ജോർജ്ജ് എം തോമസിന്റെ ഇടപെടല്‍ ദുരൂഹം.
ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോള്‍ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നല്‍കിയത് ക്വാറിക്കാർ. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നല്‍കിയത്. ഈയിനത്തില്‍ ലക്ഷങ്ങളാണ് പറ്റിയത്.
നാട്ടുകാരനായ ഒരാളില്‍ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാള്‍ പിന്നീട് പാർട്ടി നേതാക്കള്‍ക്ക് പരാതി നല്‍കി.
മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമ്മാണത്തിനായി കമ്ബിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവ‍ർ പിന്നീട് പാർട്ടി നേതാക്കളെ പരാതി അറിയിച്ചു.
ആറ് കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നല്‍കി.
ജോർജ്ജ് എം തോമസ് എം എല്‍എ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകള്‍ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നല്‍കിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാള്‍ക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോർജ്ജ് എം തോമസ് കമ്മീഷന് മറുപടി നല്‍കിയത്. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ എംഎല്‍എ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികള്‍ തള്ളിയാണ് ഒടുവില്‍ പാർട്ടി നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *