കോഴിക്കോട്: പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇക്കുറിയും ഡിമാൻഡ് കുറഞ്ഞിട്ടില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തെത്തുടർന്ന് കേരളത്തില്‍ അരളിപ്പൂവിന് ഡിമാൻഡ് കുറഞ്ഞിരുന്നു.
അരളി തിന്ന പശു കൂടി ചത്തതോടെ ഇതിന് ആക്കം കൂടി. മേയില്‍ പല ക്ഷേത്രങ്ങളിലും അരളി നിരോധിച്ചിരുന്നു.
എന്നാല്‍ ഓണക്കാലമായതോടെ വിപണിയില്‍ അരളി വീണ്ടും താരമായിരിക്കുകയാണ്. കിലോയ്ക്ക് 300 രൂപയാണ് വില. ആളുകള്‍ അരളി അന്വേഷിച്ച് വാങ്ങാറുണ്ടെന്ന് പാളയത്തെ പൂക്കട വ്യാപാരികള്‍ പറയുന്നു. പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ അരളിയുണ്ട്. പിങ്കിനാണ് ആവശ്യക്കാർ ഏറെയുള്ളത്. കൂടുതല്‍ ദിവസം സൂക്ഷിക്കാമെന്നതാണ് അരളിയുടെ പ്രത്യേകത. കഴിഞ്ഞ വർഷം ഓണക്കാലത്ത് അരാളിക്ക് റെക്കോർഡ് വില്പന ആയിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വർഷങ്ങളില്‍ മുൻകൂർ ഓർഡർ ലഭിച്ചിരുന്നു. ഇത്തവണ ഓർഡർ വന്നെങ്കിലും താരതമ്യേന കുറവാണ്.