കോഴിക്കോട്: ക്രിമിനല്‍ കേസുകളിലെ നീതിനിർവഹണത്തില്‍ സാന്പിളുകളുടെ ശാസ്ത്രീയമായ രാസപരിശോധനാ ഫലം നിർണായകമാണെന്നിരിക്കേ, കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി വകുപ്പില്‍നിന്നുളള പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കാനാവുമെന്ന ചോദ്യമുയർത്തി സംസ്ഥാന ഭരണപരിഷ്കാര വകുപ്പിന്‍റെ പഠനറിപ്പോർട്ട്.
ആഭ്യന്തര വകുപ്പിനു കീഴില്‍ സ്വതന്ത്ര വകുപ്പായി പ്രവർത്തിച്ചുവരുന്ന കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി വകുപ്പില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ എന്താണു കാരണമെന്നറിയാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന പരാമർശങ്ങളുള്ളത്.
എറണാകുളം ലബോറട്ടറിയില്‍ 1998 മുതലുള്ള മനുഷ്യരുടെ ആന്തരികാവയവ സാന്പിളുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ, ചില കേസുകളുമായി ബന്ധപ്പെട്ട സാന്പിളുകള്‍ പൂർണമായും ജീർണിച്ചുനശിച്ചതായി പഠനസംഘം കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേടാകാതിരിക്കാനുള്ള ദ്രാവകം നിറച്ച കണ്ടെയ്നറുകളിലാണ് ആന്തരികാവയവ സാന്പിളുകള്‍ സൂക്ഷിക്കുന്നത്. കണ്ടെയ്നറുകള്‍ പൊട്ടിയതു വഴി ദാവകം നഷ്ടപ്പെട്ടാണ് ആന്തരികാവയവം നശിച്ചത്. ഇനി ഇത്തരം കേസുകളില്‍ ഒരു പരിശോധന സാധ്യമല്ല. ചില സാന്പിളുകളുടെ ടാഗുകള്‍ നഷ്ടപ്പെട്ടു.
ഏതു കേസുമായി ബന്ധപ്പെട്ട സാന്പിളുകളാണിതെന്നു ഇനി തിരിച്ചറിയാൻ മാർഗമല്ല. ബയോളജിക്കല്‍ സാന്പിളുകള്‍ കുറഞ്ഞ ഉൗഷ്മാവില്‍ (നാലു ഡിഗ്രി സെല്‍ഷസ്) സൂക്ഷിക്കണം. പക്ഷേ ഇത്തരമൊരു ശീതീകരണ സംവിധാനം കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിന്‍റെ ഒരു ലബോറട്ടിയിലും നിലവിലില്ല.
സാന്പിളുകള്‍ സാധാരണ അന്തരീക്ഷ ഊഷ്മാവിലാണ് സൂക്ഷിച്ചുപോരുന്നത്. തൻമൂലം ബാഷ്പശീലമുള്ള വിഷ പദാർഥങ്ങള്‍ ഉള്‍പ്പെടെയുളള സാന്പിളുകളുടെ പല ഘടകങ്ങളും നഷ്ടപ്പെട്ടുപോകുമെന്നും അതു തെറ്റായ പരിശോധനാ ഫലമാണ് നല്‍കുകയെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടില്‍, ആന്തരികാവയവ സാന്പിളുകള്‍ സൂക്ഷിച്ചിരിക്കുന്ന രീതി നേരിട്ടു കണ്ടപ്പോള്‍ ‘ഷോക്കിംഗ്’ ആയിയെന്നും പഠനസംഘം എടുത്തുപറയുന്നുണ്ട്.
ലബോറട്ടറികളില്‍ സ്ഥല സൗകര്യമില്ലാത്തതും ജീവനക്കാരുടെ കെടുകാര്യസ്ഥതയും പ്രഫഷണലിസമില്ലായ്മയും റിപ്പോർട്ടില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മികച്ച ഉപകരണങ്ങള്‍ ലബോറട്ടറികളിലുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാൻ പല ജീവനക്കാർക്കും താല്‍പര്യമില്ല. ജീവനക്കാർ പരന്പരാഗത രീതിയിലാണ് സാന്പിളുകള്‍ പരിശോധിക്കുന്നത്.
കേസുകള്‍ കെട്ടിക്കിടക്കാനുള്ള കാരണം ജീവനക്കാരുടെ കുറവിനൊപ്പം അവരുടെ ഉദാസീനതയാണെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. പരിശോധനാഫലം വൈകുന്നതിലൂടെ ക്രിമിനല്‍ കേസുകളില്‍ തീർപ്പുകല്‍പ്പിക്കലും വൈകും. കുറ്റവാളികള്‍ നിയമത്തിന്‍റെ പിടിയില്‍നിന്നു രക്ഷപ്പെടുന്നതിനു കാരണമാവുകയും ചെയ്യും. സാന്പിളുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം നീതിന്യായ നിർവഹണ പ്രക്രിയയിലെ കുപ്പിക്കഴുത്ത്’ ആണെന്നും ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോർട്ടില്‍ ശിപാർശയുണ്ട്.
കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലധികം സാന്പിളുകള്‍
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു വിവിധ നീതിന്യായ കോടതികളും മറ്റ് അന്വേഷണ ഏജൻസികളും ലബോറട്ടറികളിലേക്ക് അയയ്ക്കുന്ന തൊണ്ടിവസ്തുക്കളുടെ രാസപരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ നല്‍കി നീതിനിർവഹണത്തില്‍ ജുഡീഷറിയെ സഹായിക്കുകയാണു കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന്‍റെ പ്രധാന ചുമതല. സെറോളജി, ടോക്സിക്കോളജി, എക്സൈസ്, നർക്കോട്ടിക്സ്, ജനറല്‍ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണു രാസപരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് കെമിക്കല്‍ എക്സാമിനേഴ്സ് വകുപ്പിനു കീഴില്‍ രാസപരിശോധനാ ലബോറട്ടറികളുള്ളത്.
ഈ വർഷം ഏപ്രില്‍ 31 വരെയുള്ള കണക്കനുസരിച്ച് കെമിക്കല്‍ എക്സാമിനേഴ്സ് വകുപ്പിന്‍റെ മൂന്നു ലബോറട്ടറികളിലായി 62,558 കേസുകളിലെ 1,69,188 സാന്പിളുകളാണ് പരിശോധന കാത്തുകിടക്കുന്നത്. 2012-13 സാന്പത്തിക വർഷാവസാനം 31,257 കേസുകളാണു തീർപ്പാക്കാനായി ഉണ്ടായിരുന്നത്. 2023-24ആയപ്പോഴേക്കും കെട്ടിക്കിടക്കുന്ന സാന്പിളുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെയാണു വർധന. കെട്ടിക്കിടക്കുന്ന കേസുകളില്‍ 98.7 ശതമാനവും ടോക്സിക്കോളജി, നർക്കോട്ടിക്സ്, എക്സൈസ് ഡിവിഷനുകളിലാണ്.