NADAMMELPOYIL NEWS
AUGUST 17/2024

കൊടിയത്തൂർ: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടർന്ന് ചാലിയറിന്റെ വിവിധ ഭാഗങ്ങളില്‍ മണല്‍ച്ചാകര. അധികൃതരുടെ അനുമതിയില്ലാതെ മണല്‍ മാഫിയകള്‍ രാപ്പകല്‍ ഭേദമന്യേ മണല്‍ക്കടത്ത് നടത്തുമ്ബോള്‍ ചാലിയാറില്‍ കാണാക്കയങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയില്‍.
വയനാട്ടില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ലഭിക്കാനായി ചാലിയാറില്‍ തെരച്ചില്‍ നടത്തുമ്ബോഴും മണല്‍ വാരലിനെത്തുടർന്ന് രൂപപ്പെട്ട ചുഴികള്‍ അപകടം വിളിച്ച്‌ വരുത്തുകയാണ്. 2012 ല്‍ നിരോധിച്ചതാണ് മണലെടുപ്പെങ്കിലും ജില്ലയിലെ പല പുഴകളില്‍ നിന്നും മണല്‍ വാരല്‍ തുടരുകയാണ്. വിവിധ നിർമ്മാണപ്രവൃത്തികള്‍ക്ക് മണല്‍ ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങള്‍ നട്ടം തിരിയുമ്ബോഴാണ് നിയമത്തെ നോക്കുകുത്തിയാക്കി ജില്ലയില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാകുന്നത്.

ചാലിയാറിന്റേയും മറ്റ് പുഴകളുടേയും കടവുകളില്‍ നിന്നാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ടണ്‍ കണക്കിന് മണലാണ് വലിയ വാഹനങ്ങള്‍ ഉപയോഗിച്ച്‌ കടത്തുന്നത്. അരീക്കോട്, വാഴക്കാട്, മുക്കം മാവൂർ പൊലീസ് പരിധിയില്‍പ്പെട്ട സ്ഥലങ്ങളിലാണ് മണല്‍ക്കടത്ത് ഏറെയും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് കടത്തുന്ന മണല്‍ എത്തിക്കുന്നത്.

പ്രകൃതി ദുരന്തത്തെ തുടർന്ന് ക്വാറികള്‍ പ്രവർത്തിക്കുന്നത് വിലക്കേർപ്പെടുത്തിയതും മണല്‍ക്കടത്തുകാർക്ക് സുവർണകാലമാകുകയാണ്. ഇരുമ്ബ് തോണികളില്‍ ചെറുമോട്ടോറുകള്‍ സ്ഥാപിച്ചാണ് മണല്‍ കൊണ്ടുപോകുന്നത്. പൊലീസില്‍ പലതവണ പരാതിപ്പെട്ടെങ്കിലും പരിശോധന കൃത്യമായി നടക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 മണല്‍ വാരാൻ അനുമതി വേണം

മണല്‍ക്കടത്ത് തടയുകയോ നിയമാനുസൃതമായി മണല്‍ എടുക്കാൻ അനുമതി നല്‍കണമെന്നുമാണ് പുഴയോര വാസികളുടെ നിരന്തരമായ ആവശ്യം. കാലവർഷ പ്രളയത്തില്‍ പുഴയില്‍ വന്നടിഞ്ഞ മണല്‍ വാരാൻ കരാർ നല്‍കിയാല്‍ വർഷം തോറും സർക്കാരിലേക്ക് കോടിക്കണക്കിന് രൂപയാണ് വരുമാനമായി എത്തുക. മണലിനായി പരക്കം പായുന്ന ജനങ്ങള്‍ക്ക്ആവശ്യത്തിന് മണല്‍ എത്തിക്കാനും സാധിക്കും. എന്നാല്‍ പുഴകളില്‍ നിന്ന് മണല്‍വാരാൻ നിയമാനുസൃതമായി അനുമതി നല്‍കാത്തതിനാല്‍ മണല്‍ മാഫിയ വ്യാപകമായി മണല്‍ കടത്തുകയാണ്. ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട കോടികളാണ് സംഘം കെെക്കലാക്കുന്നത്. അതേ സമയം പുഴയിലെ മണല്‍ യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും പറയുന്നത്. മണല്‍ കൊള്ള അവസാനിപ്പിച്ച്‌ പുഴയിലെ മണല്‍ ലേലം ചെയ്ത് സാധാരണക്കാർക്കു കൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

”നാട്ടുകാരുടെ പരാധികതള്‍ ലഭിക്കുന്നുണ്ട്. നിയമാനുസൃതമായി മണല്‍ എടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നുണ്ട്” ദിവ്യ ഷിബു,
പ്രസിഡന്റ്
കൊടിയത്തൂർ പഞ്ചായത്ത്

”അനധികൃതമായി മണല്‍വാരുന്നത് തടയണം. മാത്രമല്ല നിയമാനുസൃതമായ രീതിയില്‍ മണലെടുക്കാൻ അനുമതി നല്‍കണം”- സി.ടി മുനീർ,പൊതുപ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *