മുഹമ്മദ് അപ്പമണ്ണില്‍
കോഴിക്കോട്: വയനാട് ദുരന്തഭൂമിയില്‍ ആദ്യഘട്ടമായി 10 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ നടത്തുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി.മുജീബ് റഹ്മാൻ. ദുരന്തത്തിന്‍റെ തുടക്കം മുതല്‍ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന ജമാഅത്ത്, പ്രഫഷനല്‍ ഏജൻസിയിലൂടെ സർവേ നടത്തി പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും പുനരധിവാസ പദ്ധതി തയാറാക്കുക. സർക്കാർ ഇടക്കാല സൗകര്യം ഏർപ്പെടുത്തുന്നതുവരെ ഡയാലിസിസ് ചെയ്യുന്നവർ, മറ്റു രോഗികള്‍, വൃദ്ധർ തുടങ്ങിയവർക്ക് താല്‍കാലിക ക്വാർട്ടേഴ്സുകള്‍ ഒരുക്കുമെന്നും അമീർ വാർത്താസമ്മേനളത്തില്‍ പറഞ്ഞു.
പഠനം മുടങ്ങിയ പ്രൈമറിതലം മുതല്‍ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികള്‍ക്ക് കൊടിയത്തൂർ വാദിറഹ്മ സ്കൂളില്‍ പഠനസൗകര്യം ഏർപ്പെടുത്തും. ഇന്‍റഗ്രേറ്റഡ് എജുകേഷൻ കൗണ്‍സില്‍ ഇന്ത്യ (ഐ.ഇ.സി.ഐ) ഉന്നത വിദ്യാഭ്യാസം ആവശ്യമായ വിദ്യാർഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. മറ്റു ജില്ലകളില്‍ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് നല്‍കും. സർക്കാറിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഭവന നിർമാണ പദ്ധതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ ഭവന നിർമാണത്തിനായും ഫണ്ട് വിനിയോഗിക്കും. ആവശ്യമായ ഭവനങ്ങളായാല്‍ ദുരന്തത്തിനിരയായവർക്ക് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ ആവശ്യമായ തൊഴില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. പുനരധിവാസ പ്രവർത്തനങ്ങള്‍ സർക്കാർ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അമീർ ആവശ്യപ്പെട്ടു.
വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും പദ്ധതികളും ഏകോപിപ്പിക്കാനും സർക്കാർ മുന്നോട്ട് വരണം. പദ്ധതികള്‍ കൃത്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പ്രധാനമന്ത്രി ദുരന്തഭൂമിയില്‍ സന്ദർശനം നടത്തിയതിന്‍റെ തുടർച്ചയെന്നോണം അടിയന്തര സഹായം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. അതീവ പരിസ്ഥിതി ദുർബല പ്രദേശമാണ് കേരളമെന്ന യാഥാർഥ്യം ഉള്‍ക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തി വാസയോഗ്യമല്ലാത്ത സ്ഥലത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിറ സെന്‍ററില്‍ നടന്ന വാർത്താസമ്മേളനത്തില്‍ അസി. അമീർ എം.കെ. മുഹമ്മദലി, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ദുരിതാശ്വാസ സെല്‍ കണ്‍വീനർ ഷബീർ കൊടുവള്ളി എന്നിവരും പങ്കെടുത്തു.