മുക്കം: ദിവസവും നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിങ് ഒ.പി മുടങ്ങിയത് നിരവധി പേർക്ക് ദുരിതമായി.
വേതനം ലഭിക്കാത്തതിനെത്തുടർന്ന് ഈവനിങ് ഒ.പിയില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാർ അവധിയില്‍ പോയതാണ് രോഗികള്‍ ഉള്‍പ്പെടെയുള്ളവർക്ക് പ്രതിസന്ധിയായത്. അഞ്ചുമാസമായി ഇവർക്ക് ശമ്ബളം ലഭിച്ചില്ലെന്നാണ് വിവരം.
ഇന്നലെ സി.എച്ച്.സിയില്‍ എത്തിയവർ ഈവനിങ് ഒ.പി ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡാണ് കണ്ടത്. ഇതോടെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി രോഗികള്‍ക്ക് തിരിച്ചുപോവേണ്ടി വന്നു. ശരാശരി മുന്നൂറോളം രോഗികളാണ് മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ ദിവസവും പരിശോധനക്കായി എത്താറുള്ളത്. ഇതിനുപുറമെ രാവിലെ പരിശോധിച്ച ഡോക്ടർമാർ നല്‍കുന്ന ലാബ് ടെസ്റ്റുകള്‍ പരിശോധിച്ച് മരുന്നുകുറിക്കുന്നതും ഇവർ തന്നെയാണ്. ആരോഗ്യവകുപ്പ് നാലു ഡോക്ടർമാരെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ അവധിയിലാണ്. ബാക്കി മൂന്നുപേരാണ്.
രാവിലെ മുതല്‍ ഉച്ചവരെയുള്ള ഒ.പി കൈകാര്യം ചെയ്യുന്നത്. ഇത് കൃത്യമായി നടക്കുന്നുണ്ട്. നഗരസഭ നിയമിച്ച രണ്ട് ഡോക്ടർമാരാണ് ഈവനിങ് ഒ.പിയില്‍ സേവനമനുഷ്ഠിക്കുന്നത്. ഇവരാണ് സേവനം അവസാനിപ്പിച്ചത്. വിവിധ കാരണങ്ങള്‍ മൂലം ഇരുവരും അവധിയില്‍ പോയതിനാലാണ് ഇന്നലെ പരിശോധന നടക്കാതിരുന്നതെന്നും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. പ്രത്യേക പ്രോജക്ടില്‍നിന്നാണ് ഇവർക്ക് വേതനം നല്‍കുന്നതെന്നും ഇതില്‍ വന്ന സാങ്കേതിക പിഴവുമൂലമാണ് അഞ്ചുമാസത്തെ ശമ്ബളം കൊടുക്കാൻ കഴിയാതെ വന്നതെന്നും ഓണ്‍ ഫണ്ടില്‍നിന്ന് ഇവർക്ക് വേതനം നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമടക്കം ഉണ്ടായിരുന്നതുകൊണ്ടാണ് നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ പി.ജി പരീക്ഷയും മറ്റൊരാള്‍
വിവാഹവും കാരണം പറഞ്ഞാണ് അവധിയെടുത്തതെന്നാണ് സൂചന. സാധാരണ ഡോക്ടർമാർ അവധിയെടുത്താല്‍ പകരം അവർ തന്നെ മറ്റു ഡോക്ടർമാരെ നിയോഗിക്കുകയാണ് പതിവ്. എന്നാല്‍ വേതനം ലഭിക്കാത്തതിനാല്‍ ഇവിടെ അവധിയെടുത്ത ഡോക്ടർമാർ അത് ചെയ്തില്ല. ഇതോടെ ആദിവാസികള്‍ അടക്കം മലയോര മേഖലയിലെ നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന മുക്കം സി.എച്ച്.സിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഉച്ചക്ക് ശേഷവുമെത്തുന്ന രോഗികളുടെ ബാഹുല്യം പരിഗണിച്ചായിരുന്നു നഗരസഭ ഈവനിങ് ഒ.പി ആരംഭിച്ചത്.