കോഴിക്കോട്: അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനി, ഞായർ ദിവസങ്ങളില്‍ എവിടെയും ഓറഞ്ച്, റെഡ് അലർട്ടുകള്‍ ഇല്ല. യെല്ലോ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ശനി, ഞായർ ദിവസങ്ങളില്‍ യെല്ലോ അലർട്ടുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഈ രണ്ട് ദിവസങ്ങളില്‍ ഗ്രീൻ അലർട്ടാണ്. തിങ്കളാഴ്ച കാസർകോട് മുതല്‍ കോഴിക്കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് ഞായറാഴ്ച രാത്രി 11:30 വരെ രണ്ട് മുതല്‍ രണ്ടര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.