കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനെക്കുറിച്ച്‌ ഇപ്പോള്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കുടുംബം.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കാര്യങ്ങള്‍ സംസാരിച്ചെന്നും സഹോദരി ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അർജുന്റെ കോഴിക്കോടുള്ള വീട്ടില്‍ വിഡി സതീശൻ ഇന്ന് സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.

‘നാല് ദിവസം കഴിഞ്ഞ് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് ശേഷം നമുക്ക് ഔദ്യോഗികമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കാർഷിക സർവ്വകലാശാലയില്‍ നിന്നും വന്നവർ റിപ്പോർട്ട് കൊടുത്തു. ഇന്നലെ അതുമായി ബന്ധപ്പെട്ട് അവലോകനം നടന്നെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം നമുക്ക് ഒരു വിവരവും തന്നിട്ടില്ല. ഇക്കാര്യങ്ങള്‍ എല്ലാം പ്രതിപക്ഷ നേതാവിനോട് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം കൂടെത്തന്നെയുണ്ടെന്നാണ് പറഞ്ഞത്.
മുങ്ങള്‍ വിദഗ്ധനായ ഈശ്വർ മല്‍പ്പയെ ബന്ധപ്പെട്ടിരുന്നു. അമാവാസി നാളില്‍ വെള്ളം കുറയുമ്ബോള്‍ ഇറങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കരുതുന്നില്ല. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ സർക്കാർ ഉത്തരവാദിയല്ലെന്ന് എഴുതിക്കൊടുത്തതിന് ശേഷമാണ് കഴിഞ്ഞ തവണ അദ്ദേഹം ഇറങ്ങിയത്. അക്കാര്യത്തില്‍ അദ്ദേഹത്തിന് മാനസികമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്.

അവിടെയുള്ള എംഎല്‍എയെ ഇപ്പോള്‍ ബന്ധപ്പെട്ടിട്ടില്ല. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി അവിടേക്ക് പോകണമെന്നാണ് കരുതിയത്. സതീശൻ സാറ് വന്നതുകൊണ്ട് യാത്ര രാത്രിയിലേക്ക് മാറ്റി. ലോറി വെള്ളത്തിനടിയില്‍ ആയത് കൊണ്ട് നാവികസേനയാണ് തെരച്ചിലിന് മുൻകയ്യെടുക്കേണ്ടത്. അവർ പത്ത് കിലോ മീറ്റർ ലൊക്കാലിറ്റിയിലാണെന്നും എപ്പോള്‍ വിളിച്ചാലും വരുമെന്നാണ് അറിയിച്ചത്’- ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *