കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി ഹര്‍ഷീനയുടെ വയറ്റില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
750 പേജുകളുള്ള കുറ്റപത്രത്തില്‍ 60 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടും ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കി കുന്നമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2017ല്‍ ഹര്‍ഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. സി കെ രമേശന്‍, കോട്ടയത്തെ സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ ജി മഞ്ജു എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഹര്‍ഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് അസിസന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ അറിയിച്ചു.