NADAMMELPOYIL NEWS
NOVEMBER 27/2023
ഓമശ്ശേരി: പ്രതിപക്ഷം അവരുടേതായ ശബ്‌ദങ്ങള്‍ ഉയര്‍ത്തിയാലും ജനങ്ങളുടെ പരാതി തീര്‍ക്കുക എന്നത് ഭരിക്കുന്നവരുടെ കടമയാണെന്ന് സമസ്‌ത കേരള ജംഇയ്ത്തയുല്‍ ഉലമ നേതാവ് മുക്കം ഉമര്‍ ഫൈസി.
നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ ഓമശ്ശേരിയില്‍ മുഖ്യമന്ത്രിയോടൊത്തുള്ള പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സുമായി മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിവരികയാണ്. ജനങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കുകയും അവ അനുഭാവപൂര്‍വം പരിഗണിക്കുകയും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം. ഈ യാത്രയ്‌ക്ക് ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
പ്രതിപക്ഷം അവരുടേതായ ശബ്‌ദങ്ങള്‍ ഉയര്‍ത്തിയാലും, അത് എല്ലാ കാലത്തും ഉണ്ടാകും.
ജനങ്ങളുടെ പരാതി തീര്‍ക്കുക എന്നത് ഭരിക്കുന്നവരുടെ കടമയാണ്, ഫൈസി പറഞ്ഞു. മുസ്ലിം സംവരണ വിഷയം, പള്ളികള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊരു വിഭാഗത്തിനും അര്‍ഹമായ സംവരണം ലഭിക്കേണ്ടതുണ്ടെങ്കിലും മറ്റൊരു വിഭാഗത്തിന്റെ സംവരണം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി നല്‍കുന്ന വിഷയത്തിലും സര്‍ക്കാര്‍ ആവശ്യമായ നടപടി കൈകൊള്ളണമെന്നും ഉമര്‍ ഫൈസി പറഞ്ഞു. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ലഭ്യമാക്കുമ്ബോള്‍ നിലവില്‍ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി.