NADAMMELPOYIL NEWS
NOVEMBER 27/2023
കോഴിക്കോട്: നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണ നഷ്ടത്തിന് കാരണമായേക്കും.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ അബൂബക്കറാണ് മുക്കത്തെ പ്രഭാത സദസില്‍ പങ്കെടുത്തത്. മുന്നണി തീരുമാനം ലംഘിച്ച അബൂബക്കറിന്റെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
നാടിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞാണ് അബൂബക്കര്‍ നവകേരള സദസിലെത്തിയത്. എന്നാല്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പോയവര്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അഴിമതി മാമാങ്കം ബഹിഷ്‌കരിക്കുകയെന്നത് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഒറ്റകെട്ടായ തീരുമാനമാണ്. ആ തീരുമാനം ലംഘിച്ചുപോയ ഒരാള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍ അബൂബക്കറിന്റെ നീക്കം കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിയേക്കും. 19 സീറ്റുകളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ബലത്തിലാണ് യു ഡി എഫ് ഭരിക്കുന്നത്. അബൂബക്കറിനെ പുറത്താക്കിയാല്‍ യുഡിഎഫിന് ഭരണം തന്നെ നഷ്ടമായേക്കും. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളിത്തം പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.