NADAMMELPOYIL NEWS
NOVEMBER 17/2023

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കസ്റ്റഡിയിലുള്ള മുഖ്യപ്രതി താനൂര്‍ കുന്നുംപുറം സമദ് നല്‍കിയ വിവരമനുസരിച്ച്‌ താനൂരിലെ വര്‍ക്ക് ഷോപ്പില്‍നിന്നാണ് വണ്ടി കണ്ടെത്തിയത്.
മറ്റൊരു പ്രതി ഗൂഡല്ലൂര്‍ ഓവാലി പഞ്ചായത്ത് ബാര്‍വുഡ് സ്വദേശി സൈനുല്‍ ആബിദ് എന്ന സുലൈമാൻ (40) കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടിയിലായിരുന്നു.

സൈനബയെ കാണാനില്ലെന്ന് ഭര്‍ത്താവ് ജെയിംസ് എന്ന മുഹമ്മദലിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സൈനബയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച സമദ് അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സമദും സുലൈമാനും ചേര്‍ന്ന് സൈനബയെ ഷാളുപയോഗിച്ചാണ് കൊന്നത്. ശേഷം മൃതദേഹം മലപ്പുറം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു.

സൈനബയും സമദും നേരത്തേ പരിചയമുള്ളവരാണ്. നവംബര്‍ ആറിന് സുലൈമാനെ സമദ് തിരൂരിലേക്ക് വിളിച്ചുവരുത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴിന് രാവിലെ ഇരുവരും സമദിന്റെ പരിചയക്കാരന്റെ കാര്‍ വാടകക്കെടുത്ത് കോഴിക്കോട്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിനടുത്തുനിന്ന് സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ സമയം സൈനബ 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുകയും കൈയിലുള്ള ബാഗില്‍ മൂന്നു ലക്ഷത്തോളം രൂപ സൂക്ഷിക്കുകയും ചെയ്തിരുന്നു.

വൈകുന്നേരം അഞ്ചരയോടെ കാര്‍ മുക്കത്തിനടുത്തെത്തിയപ്പോള്‍ സൈനബ ധരിച്ച ഷാള്‍ സമദ് അവരുടെ കഴുത്തില്‍ മുറുക്കി. ഷാളിന്റെ ഒരുതല കാറോടിച്ചിരുന്ന സുലൈമാൻ വലിച്ചുപിടിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കകം സൈനബ ശ്വാസംമുട്ടി മരിച്ചു. ഇതോടെ കാര്‍ വഴിക്കടവ് ഭാഗത്തേക്ക് തിരിച്ചുവിട്ടു. യാത്രക്കിടെ സൈനബയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫാക്കുകയും ശരീരത്തിലെ ആഭരണവും ബാഗിലെ പണവും കൈക്കലാക്കുകയും ചെയ്തു.

രാത്രി എട്ടോടെ കാര്‍ നാടുകാണി ചുരത്തിലെത്തിക്കുകയും ഇരുവരും ചേര്‍ന്ന് സൈനബയുടെ മൃതദേഹം താഴ്ചയിലേക്ക് എടുത്തെറിയുകയുമായിരുന്നു. തുടര്‍ന്ന് സംഘം സുലൈമാന്റെ ഗൂഡല്ലൂരിലെ താമസസ്ഥലത്തെത്തി. വസ്ത്രത്തിലെ രക്തം കഴുകി വൃത്തിയാക്കുകയും പുതിയ വസ്ത്രം വാങ്ങി ധരിച്ച്‌ അവിടെ താമസിച്ചു. അടുത്ത ദിവസം സൈനബയുടെ പണം ഇരുവരും വീതംവെക്കുകയും ആഭരണം മുഴുവൻ സമദ് സൂക്ഷിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി സൈനബയുടെ മൊബൈല്‍ ഫോണും ബാഗും രക്തംപുരണ്ട സമദിന്റെ വസ്ത്രവും കത്തിക്കാൻ സുലൈമാൻ പുറത്തുപോയി. പിന്നീട് സുലൈമാനും കൂട്ടാളികളും തിരിച്ചുവന്ന് പണവും സ്വര്‍ണാഭരണവും കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് അറസ്റ്റിലായ സമദ് മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *