NADAMMELPOYIL NEWS
NOVEMBER 17/2023

കോഴിക്കോട്: കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കോഴിക്കടകളില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മിന്നല്‍ പരിശോധന നടത്തി.
കച്ചവട സ്ഥാപനങ്ങളിലെ പൊതുശുചിത്വം, പരിസര ശുചിത്വം , മലിനജല സംസ്‌കരണ സംവിധാനം , അജൈവമാലിന്യ സംസ്‌കരണം , ജൈവമാലിന്യങ്ങള്‍ കൈകകര്യം ചെയ്യല്‍ എന്നിവയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചത്.

കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തിയ കടകളിലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

നടക്കാവിലെ ഓര്‍മ ചിക്കന്‍ സ്റ്റാളാണ് പരിശോധന നടത്തിയ കടകളിലൊന്ന്. നേരത്തെ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം നിലവിലും യാതൊരു മാറ്റവും കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി, പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതായും കോഴിമാലിനും അശ്രദ്ധയോടെ കൈകാര്യം ചെയ്തുവരുന്നതായും കണ്ടെത്തി.

കടയിലും പരിസരത്തും ശുചിത്വം പാലിച്ചിരുന്നില്ല. സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്താന്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി, 24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയില്‍ കടയെ പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ കട പൂട്ടി സീല്‍ ചെയ്യുന്നതായിരിക്കുമെന്ന് കട ഉടമയെ നേരിട്ട് അറിയിച്ചു, മൂന്നു കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.

കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചിക്കന്‍ കടകള്‍, മത്സ്യ കടകള്‍ എന്നിവ എന്‍ഫോഴ്സ്‌മെന്‍റ് സ്‌ക്വാഡ് അംഗങ്ങളും ഹെല്‍ത്ത് വിഭാഗവും പരിശോധിച്ചു. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി .
സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് അസിസ്റ്റന്‍റ് ഡയരക്ടര്‍ പൂജാലാല്‍, ജൂണിയര്‍ സൂപ്രണ്ടുമാരായ എ.അനില്‍കുമാര്‍,പി.സി. മുജീബ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബെന്നി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശിധരന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷമീര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *