NADAMMELPOYIL NEWS
NOVEMBER 14/2023

ആലുവ:ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ. ഇയാളെ മരണം വരെ തൂക്കിലേറ്റും.
എറണാകുളം പോക്‌സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു.

കേസ് അപൂര്‍വമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോള്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാൻ അവസരം നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. അസ്ഫാഖിന്റെ മാനസിക നിലയെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.

കാണാതായ കുട്ടിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചില്‍ നടക്കവേ, കഴിഞ്ഞ ജൂലൈ 28നാണ് ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്ബാരത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജൂലായ് 28ന് ഉച്ചയോടെയാണ് ആലുവ ടൗണിന് സമീപം ചൂര്‍ണിക്കര പഞ്ചായത്തിലെ വാടക വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. പ്രതിയായ ബിഹാര്‍ സ്വദേശി അസഫഖ് ആലം (29) വൈകുന്നേരത്തോടെ പോലീസ് പിടിയിലായി.

കേസ് യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറല്‍) വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ആലുവ പോലീസ് ആസ്ഥാനത്ത് അന്വേഷണം ആരംഭിച്ചതിന്റെ ദിവസങ്ങള്‍ അടയാളപ്പെടുത്തുന്ന ബോര്‍ഡും സ്ഥാപിച്ചു.

സംഭവം നടന്ന് 33 ദിവസത്തിനകം 645 പേജുള്ള കുറ്റപത്രമാണ് സംഘം സമര്‍പ്പിച്ചത്. സാഹചര്യത്തെളിവുകള്‍, സൈബര്‍,ഫോറൻസിക് തെളിവുകള്‍, ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ 40-ലധികം സാക്ഷികളുടെ മൊഴികളും 95 രേഖകളും പാദരക്ഷകള്‍, തുണി തുടങ്ങിയ വസ്തുക്കളെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

കുറ്റപത്രത്തില്‍ പരാമര്‍ശിച്ച പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണം ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. പ്രതിക്കെതിരെ ഡല്‍ഹിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് തെളിഞ്ഞു.

പ്രതി കുട്ടിയെ കൂടെ കൊണ്ടുപോകുന്നത് കണ്ട സാക്ഷികള്‍, സിസിടിവി ദൃശ്യങ്ങള്‍, ഇരയുടെ ശരീരത്തില്‍ നിന്നും തുണിയില്‍ നിന്നും ശേഖരിച്ച പ്രതിയുടെ ഡിഎൻഎ, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇരയുടെ വസ്ത്രം എന്നിവയും കേസില്‍ നിര്‍ണായകമായി.

ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *