NADAMMELPOYIL NEWS
SEPTEMBER 25/2023

കൊടുവള്ളി: പ്രളയം തകര്‍ത്തെറിഞ്ഞ തൂക്കുപാലം നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനര്‍നിര്‍മിക്കുന്നു. ചെറുപുഴക്ക് കുറുകെ പൊയിലങ്ങാടി കടവിലാണ് പുതിയ തൂക്കുപാലം നിര്‍മിക്കുന്നത്.
2018ലെ പ്രളയത്തില്‍ ചെറുപുഴ കവിഞ്ഞൊഴുകിയതോടെ തൂക്കുപാലം ഒലിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ചങ്ങാടങ്ങളിലായിരുന്നു പ്രദേശവാസികളുടെ യാത്ര. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ അപകടം മുന്നില്‍ക്കണ്ട് ഇരുകരയിലേക്കും യാത്രചെയ്തു.

കൊടുവള്ളി നഗരസഭയെയും ഓമശ്ശേരി പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. പാലം തകര്‍ന്നതോടെ ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, ചെര്‍പ്പുള്യേരി, വെള്ളച്ചാല്‍ പ്രദേശത്തെ കുട്ടികള്‍ക്ക് സ്ക്ളില്‍ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും ദേശീയപാതയിലെത്താനും കിലോമീറ്റര്‍ ദൂരം ചുറ്റിസഞ്ചരിക്കേണ്ടിവന്നു.

പാലം തകര്‍ന്നതുസംബന്ധിച്ച്‌ മാധ്യമം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തൂക്കുപാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം നാട്ടുകാരും ഡിവിഷൻ കൗണ്‍സിലര്‍ എൻ.കെ. അനില്‍കുമാറും ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തൂക്കുപാലത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. സില്‍ക്ക് കമ്ബനിക്കാണ് തൂക്കുപാലത്തിന്റെ നിര്‍മാണച്ചുമതല. പത്തു മാസമാണ് നിര്‍മാണ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *