NADAMMELPOYIL NEWS
AUGUST 24/2023
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില വര്‍ദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കൊല്ലം ജില്ലയില്‍ സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ എത്തിയേക്കും.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35°C വരെയും (സാധാരണയെക്കാള്‍ 3 °C – 5 °C വരെ കൂടുതല്‍) എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34°C വരെയും (സാധാരണയെക്കാള്‍ 3 °C – 4 °C കൂടുതല്‍) താപനില ഉയരാൻ സാധ്യതയുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള-കര്‍ണാടക -ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്ബോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിൻറെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍,കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 മണി മുതല്‍ മൂന്ന് മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മണി മുതല്‍ മൂന്ന് മണി വരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുഃമനസ്കര്‍ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാൻ സഹായിക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിന്റെ ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.