മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം ആഗോള വിപണിയിൽ സുസുക്കി വിൽക്കുന്ന ഒരു വാഹനത്തിനും ഇത്രയ്ക്കു വിലയില്ല.
സുസുക്കി ഇന്ത്യയിൽ ആഡംബര വാഹനങ്ങൾ കൊണ്ടുവരുന്നത് ആദ്യമല്ല. ആദ്യകാല ഗ്രാൻഡ് വിറ്റാര അന്നത്തെ നിലവാരത്തിൽ ആഡംബര എസ് യു വി ഗണത്തിൽപ്പെടുമായിരുന്നു. 2011ൽ മെഴ്സെഡിസിനോടും ബിഎംഡബ്ലുവിനോടും കിടപിടിക്കാൻ കെൽപ്പുള്ള ആഡംബര സെഡാൻ കിസാഷി വന്നു. ഗ്രാൻഡ് വിറ്റാര പുതിയ പ്ലാറ്റ്ഫോമിലേക്കു മാറിയതും 2013 ൽ കിസാഷി ലോകത്തെമ്പാടും നിർമാണമവസാനിപ്പിച്ചതുമാണ് പിന്നീടു കണ്ടത്. അതോടെ ആഡംബര വാഹന വിപണിയിൽ നിന്നു വിട്ടു നിന്ന മാരുതി ഇപ്പോഴിതാ പൂർവാധികം കരുത്തോടെ കളത്തിലിറങ്ങുന്നു.
ടൊയോട്ട കണക്ഷൻ
ഇൻവിക്റ്റോയുടെ ടൊയോട്ട ബന്ധം മറച്ചു വയ്ക്കാനാവില്ല. ടൊയോട്ടയുടെ പ്ലാറ്റ്ഫോമിൽ 100 ശതമാനം ടൊയോട്ട ഘടകങ്ങൾ ഉപയോഗിച്ച് ടൊയോട്ടയുടെ ഫാക്ടറിയിൽത്തന്നെ നിർമിച്ചെടുക്കുന്ന പ്രഥമ വാഹനമാണ് ഇൻവിക്റ്റോ. ഹൈക്രോസിന്റെ മാരുതി രൂപാന്തരം. ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും ടൊയോട്ടയാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും വ്യത്യാസമുണ്ട്. പ്ലാറ്റ്ഫോം മാരുതിയുടേതാണ്, സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും അതിലെ പെട്രോള്‍ എൻജിനും ടൊയോട്ടയുടേതാണെങ്കിൽ ബാക്കിയുള്ളതെല്ലാം ഇരു കമ്പനികളും ചേർന്നു വികസിപ്പിച്ചെടുത്തതാണ്. എന്നാൽ ഹൈക്രോസും ഇൻവിക്റ്റോയും പൂർണമായും ടൊയോട്ടയുടെ രൂപകൽപനയും നിർമാണവുമാണ്.
സുസുക്കി എവിടെ?
അങ്ങനെ പറഞ്ഞാലും ഇൻവിക്റ്റോയിൽ സുസുക്കിയുടെ കൈയ്യൊപ്പുണ്ട്. മുഖ്യ മാറ്റം ഗ്രില്ലും ബംപറും. ഫ്രോങ്സ്, ഗ്രാൻഡ് വിറ്റാര എന്നിവയിലുള്ള സുസുക്കി എസ്‌യുവി മുഖം നൽകുന്ന വലിയ ഗ്രിൽ, നെക്സ ശ്രേണിയുടെ മാത്രം പ്രത്യേകതയായ ഡേ ടൈം റണ്ണിങ് ലാംപ്, ഹെഡ് ലാംപ്. ഇതൊക്കെച്ചേർന്ന് തികച്ചും വ്യത്യസ്തമായ രൂപം. മുന്‍ ബമ്പറും സ്കിഡ് പ്ലേറ്റും കൂടിയാകുമ്പോൾ എംപിവിയിൽ നിന്ന് എസ്‌യുവിയിലേക്കുയരുകയാണ് രൂപഭംഗി. വശങ്ങളിൽ നിന്നു നോക്കിയാൽ 17 ഇഞ്ച് അലോയ്കളുടെ രൂപകൽപനയിൽ മാത്രമേ വ്യത്യാസമുള്ളു. പിന്നിൽ നെക്സയുടെ ഡിസൈൻ ഫിലോസഫി; ബമ്പറും ടെയ്ൽ ലാംപുകളും മാറിയിട്ടുണ്ട്.
കറുപ്പിനാണഴക്
കറുപ്പിൽ ഷാംപെയിൻ ഗോൾഡ് ആക്സൻറുകൾ ചേരുന്ന ഉള്‍ ഘടകങ്ങൾ കാഴ്ചയിൽ സൂപ്പർ പ്രീമിയം. സ്റ്റീയറിങ്ങും സുസുക്കി കണക്ട് മ്യൂസിക് സിസ്റ്റവും മാത്രം വ്യത്യസ്തം. സീറ്റുകളൊക്ക നല്ല സുഖകരം. ഇരിപ്പ് രാജകീയം. മധ്യ നിര ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിര സീറ്റുകളും യാത്രാസുഖം നൽകുന്നു. മൊത്തത്തിൽ ഒരു ആഡംബര എസ്‌യുവിയോടു കിടപിടിക്കാവുന്ന ഉൾവശം. മുൻ സീറ്റിന് മെമറിയുള്ള ഇലക്ട്രിക്കൽ ക്രമീകരണവും വെൻറിലേഷനുമുണ്ട്. വിശാലമായ പനോരമിക് സൺറൂഫാണ് മറ്റൊരു പ്രത്യേകത. 360 ഡിഗ്രി ക്യാമറ, 10.01 ടച്ച് സ്ക്രീൻ, ഡ്യുവൽ ക്ലൈമറ്റ് സോൺ, റൂഫ് ആംബിയൻറ് ലൈറ്റിങ്, പാഡിൽ ഷിഫ്റ്റ്, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് എന്നിങ്ങനെ എല്ലാ പ്രീമിയം സൗകര്യങ്ങളുമുണ്ട്. 4755 മിമി നീളമുള്ള ഇൻവിക്റ്റോ 8 യാത്രക്കാർക്ക് ആവശ്യത്തിനുള്ള സ്ഥലം ഉറപ്പാക്കുന്നു. 239 ലീറ്റർ ബൂട്ട് മൂന്നാം നിര മറിച്ചിട്ടാൽ 690 ലീറ്ററായി ഉയർത്താം.
ഇലക്ട്രിക് ഡ്രൈവബിലിറ്റി
രണ്ടു ലീറ്റർ നാലു സിലണ്ടർ ടൊയോട്ട എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 184 ബി എച്ച് പി ശക്തി തരും. ഇ സിവിടി ഗിയർബോക്സ്. 100 കിമിയെത്താൻ 9.5 സെക്കൻഡ്. ഇന്ധനക്ഷമത ലീറ്ററിന് 23.24 കി മീ. ഡീസലിനെക്കാൾ മികവ്. ഡ്രൈവിങ്ങോ? ഡ്രൈവർ സീറ്റിലിരുന്നു പുഷ് ബട്ടന്‍ അമര്‍ത്തിയാലും വലിയ ഭാവഭേദങ്ങളില്ല. കൺസോളിൽ ‘റെഡി’ എന്നു തെളിഞ്ഞാൽ ആക്സിലറേറ്റർ കൊടുക്കാം. ചെറിയോരു മൂളലോടെ ഇൻവിക്റ്റോയ്ക്കു ജീവനാകും. കുറഞ്ഞ വേഗത്തിൽ ഇലക്ട്രിക് മോട്ടറിലാണ് സഞ്ചാരമെന്നതിനാൽ ശബ്ദമില്ല. വേഗം കൂടുമ്പോൾ എൻജിൻ സ്റ്റാർട്ടാകുന്നത് മനസ്സിലാകും. ഇക്കോ മോഡിൽ വലിയ ശക്തിയൊന്നും കിട്ടുന്നില്ലല്ലോയെന്നു തോന്നിയാൽ സ്പോർട്ടിലേക്കു മാറ്റി കുതിക്കാം.
സുരക്ഷ ഒരു പടി മുകളിൽ
രൂപകൽപനയിൽത്തന്നെ സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സൗകര്യമാണ്, എ ബി എസ്, ഇ എസ് പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പാർക്കിങ് സെൻസർ തുടങ്ങിയ ഏർപ്പാടുകൾ.
എന്തിന് ഇൻവിക്ടോ?
മാരുതിയുടെ വിപുലമായ സർവീസ് വിതരണ ശൃംഖല. പ്രീമിയം നെറ്റ് വർക്കായ നെക്സ മുഖേന വിൽക്കുന്നതിനാൽ പ്രീമിയം സേവനം ലഭിക്കും. വിലയിൽ ചെറിയൊരു കുറവ്. ഹൈക്രോസിന്റെ സമാന വകഭേദവുമായി ഏകദേശം ഒരു ലക്ഷം രൂപ വരെ കുറവുണ്ട്. ടൊയോട്ട ഹൈക്രോസിന്റെ ചില മോഡലുകൾ കിട്ടാൻ 24 മാസം വരെ കാത്തിരിക്കണം, എന്നാൽ ഇൻവിക്റ്റോ നേരത്തെ ലഭിച്ചേക്കാം.
വില
മൂന്ന് വകഭേദങ്ങൾ മാത്രം. സീറ്റ പ്ലസ് ഏഴു സീറ്റിന് 24.79 ലക്ഷം രൂപ, സീറ്റ പ്ലസ് എട്ടു സീറ്റിന് 24.84 ലക്ഷം, ആൽഫ പ്ലസ് എഴു സീറ്റിന് 28.42 ലക്ഷം രൂപ.