ഫ്രോങ്സിന്റെ സിഎൻജി പതിപ്പുമായി മാരുതി സുസുക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്സിന്റെ സിഗ്‌മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെൽറ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സമാന പെട്രോൾ വകഭേദത്തേക്കാൾ 95000 രൂപ അധികമാണ് സിഎൻജി പതിപ്പിന്. 1.2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്. 77.5 പിഎസ് കരുത്തും 98.5 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 

ജിംനിയുടെ കൂടെ ഓട്ടോഎക്സ്പോയിൽ ജനുവരി 12ന് അവതരിപ്പിച്ച പുതിയ ക്രോസ് ഓവറിന്റെ വില ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗമാണ്. ഫ്രോങ്സിനെ കഴിയുന്നത്ര മസ്കുലർ ആക്കി മാറ്റാൻ മാരുതി ശ്രമിച്ചിട്ടുണ്ട്. ഗ്രിൽ, ക്രോം സ്ട്രിപ്, ഡിആർഎൽ, ബോണറ്റ് എന്നിവയ്ക്കെല്ലാം വിറ്റാരയോട് സാമ്യമുണ്ട്. മൂന്ന് ലൈറ്റുകളുള്ള ഹെഡ്‌ലാംപാണ്. മസ്കുലർ ലുക്ക് തോന്നിക്കുന്നതിന് മുന്നിലും വശങ്ങളിലും പിന്നിലും പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. മനോഹര ഡിസൈനിലുള്ള അലോയ് വീലുകളാണ്.

ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്.

1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും. ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് ചാർജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *